ശ്രീശാന്തിന് കലൂര്‍ സ്റ്റേഡിയത്തില്‍ പരിശീലിക്കാമെന്ന് ജി സി ഡി എ

Posted on: July 28, 2015 5:35 am | Last updated: July 28, 2015 at 12:36 am
SHARE

sreesanth1-mainകൊച്ചി: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ പുല്‍മൈതാനത്തില്‍ ശ്രീശാന്ത് ഇറങ്ങി. ബി സി സി ഐ വിലക്കിയ ശേഷം കലൂര്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിട്ടുനിന്ന ശ്രീശാന്ത് വാതുവെപ്പ് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ ശേഷം ഇന്നലെയാണ് നെഹ്‌റു സ്റ്റേഡിയത്തിലെത്തിയത്. വിലക്ക് നീങ്ങിയിട്ടില്ലെങ്കിലും കേരള ക്രിക്കറ്റ് അസോസിയേഷനും സ്റ്റേഡിയത്തിന്റെ ഉടമകളായ ജി സി ഡി എയും അനുകൂല നിലപാട് അറിയിച്ച സാഹചര്യത്തിലാണ് തന്റെ ഹോം ഗ്രൗണ്ടില്‍ തിരിച്ചെത്തിയതെന്ന് ശ്രീശാന്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സ്റ്റേഡിയത്തിലെ കെ സി എയുടെ ഓഫീസില്‍ എത്തിയ ശ്രീശാന്ത് കെ സി എ പ്രസിഡന്റും ബി സി സി ഐ അധ്യക്ഷനുമായ ടി സി മാത്യുവുമായി കൂടിക്കാഴ്ച നടത്തി. ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബി സി സി ഐക്ക് അയക്കുന്ന കത്ത് ടി സി മാത്യു ശ്രീശാന്തിനെ കാണിച്ചു. ഇന്നലെ തന്നെ കത്ത് ബി സി സി ഐക്ക് അയക്കുകയും ചെയ്തു.
ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടിവരുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. വിചാരണ കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്ന സാഹചര്യത്തില്‍ അപ്പീല്‍ ഹര്‍ജിയിലെ വിധി വരും വരെ ശ്രീശാന്ത് കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. എന്നാല്‍ ശ്രീശാന്തിന് കളി പുനരാരംഭിക്കാന്‍ വിലക്ക് നീങ്ങുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്നും സ്റ്റേഡിയത്തില്‍ അദ്ദേഹത്തിന് പരിശീലനം നടത്താന്‍ കഴിയുമെന്നും ടി സി മാത്യു പറഞ്ഞു.
ശ്രീശാന്തിന് പരിശീലനത്തിനായി കലൂര്‍ സ്റ്റേഡിയം വിട്ടുകൊടുക്കുമെന്ന് ജി സി ഡി എ ചെയര്‍മാന്‍ എന്‍ വേണുഗോപാലും വ്യക്തമാക്കി. സ്റ്റേഡിയം ജി സി ഡി എയുടെ പരമാധികാരത്തിലാണെന്നും അത് ആര്‍ക്ക് വിട്ടുകൊടുക്കുന്നു എന്നത് ജി സി ഡിഎയുടെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. വിലക്കുള്ള സമയത്തും ശ്രീശാന്ത് ആവശ്യപ്പെട്ടിരുന്നെങ്കില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ പരിശീലനത്തിനുള്ള അനുമതി നല്‍കുമായിരുന്നു. ബി സി സി ഐ കേരളത്തിലെ കളിക്കാരെയും ഗ്രൗണ്ടിനെയും നിരന്തരം അവഗണിക്കുകയാണ്. ഏറ്റവും മികച്ച ഗ്രൗണ്ടുകളില്‍ ഒന്നാണെന്ന് സച്ചിന്‍ തന്നെ പറഞ്ഞ കലൂര്‍ സ്റ്റേഡിയത്തെ ട്വന്റിട്വന്റി ലോക കപ്പില്‍ നിന്നൊഴിവാക്കിയത് ഇതിനുദാഹരണമാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള താരങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ചുമതല തനിക്കുണ്ട്. കളികള്‍ നടക്കുമ്പോള്‍ മാത്രമുള്ള കരാറാണ് കെ സി എ യുമായും കെ എഫ് എ യുമായും ജി സി ഡി എക്കുള്ളത്. ഗ്രൗണ്ടിന്റെ പൂര്‍ണ ഉടമസ്ഥാവകാശം ജി സി ഡി എക്കാണെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.