ആയൂര്‍വേദ കോളജിന് മുമ്പില്‍ മേല്‍പ്പാലം വേണം

Posted on: July 27, 2015 10:08 am | Last updated: July 27, 2015 at 10:08 am

കോട്ടക്കല്‍: ദേശീയപാത ആയൂര്‍വേദ കോളജിന് മുമ്പില്‍ മേല്‍പാലം നിര്‍മിക്കണമെന്നാവശ്യം. കോളജിന് പടിഞ്ഞാറ് ഭാഗത്തുള്ള പുതുപ്പറമ്പ് റോഡിലേക്ക് യാത്രക്കാര്‍ കടക്കാന്‍ ഏറെ പ്രയാസപ്പെടുന്ന സാഹചര്യമാണ് ആവശ്യം.
രാവിലെയും വൈകുന്നേരവും ഇത് അസഹ്യമാണ്. അതിരൂക്ഷമായ ഗതാഗത കരുക്കാണിവിടെ. യാത്രക്കാരും വിദ്യാര്‍ഥികളുമായി ഒട്ടേറെ പേര്‍ ഈ സമയത്ത് റോഡ് മുറിച്ചു കടക്കാന്‍ പ്രയാസപ്പെടുന്ന അവസ്ഥ നിലനില്‍ക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ആയൂര്‍വേദ മാനസികാരോഗ്യ കേന്ദ്രം, സര്‍ക്കാര്‍ സ്‌കൂള്‍, സ്പിന്നിംഗ് മില്‍, 11 കെവി സബ് സ്റ്റേഷന്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കെല്‍, സ്പിന്നിംഗ് മില്‍, ഗവ. വനിതാപോളി, ഏഴ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്ക് പുതുപ്പറമ്പ് റോഡിലൂടെയാണ് പേകേണ്ടത്. ഇതിനെല്ലാം ദേശീയപാത മുറിച്ച് കടക്കണം. പലപ്പോഴും ഏറെ നേരം കാത്ത് നിന്ന് വേണം ഈ കടമ്പകടക്കാന്‍. സ്‌കൂള്‍ വിദ്യാര്‍ഥികളെ കടത്തിവിടാന്‍ പലപ്പോഴും പോലീസ് നില്‍ക്കുകയാണ്. മുതിര്‍ന്നവരാവട്ടെ ഇതിനിടയിലൂടെ വേണം മറുകര കടക്കാന്‍. ആവശ്യം ഉന്നയിച്ച് സ്ഥലം എം എല്‍ എകൂടിയായ വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. വിവിധ സംഘടനകളും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ആവശ്യം പരിഗണിക്കപ്പെട്ടാല്‍ ഈ ഭാഗത്തെ വിദ്യാര്‍ഥികള്‍ക്കും രോഗികള്‍ക്കും വൃദ്ധര്‍ക്കും ഏറെ ഉപകാരമായിരിക്കും.