അട്ടപ്പാടിയിലെ അനധികൃത കാറ്റാടി യന്ത്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച പഞ്ചായത്ത് സെക്രട്ടറിക്ക് സ്ഥലം മാറ്റം

Posted on: July 27, 2015 6:00 am | Last updated: July 27, 2015 at 12:58 am

പാലക്കാട്: അട്ടപ്പാടിയിലെ അനധികൃത കാറ്റാടി യന്ത്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച പഞ്ചായത്ത് സെക്രട്ടറിക്ക് സ്ഥലം മാറ്റം. കഴിഞ്ഞയാഴ്ച അട്ടപ്പാടിയിലെ കാറ്റാടി യന്ത്രങ്ങള്‍ പൂട്ടി മുദ്രവെച്ച ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി ആര്‍ ഭാസ്‌കരനെയാണ് പുതുശ്ശേരി ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലം മാറ്റിയത്.
പുത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ചുമതല കൂടിയുണ്ടായിരുന്ന ഭാസ്‌കരനാണ് കാറ്റാടി കമ്പനികള്‍ നോട്ടീസിനോട് പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന് പൂട്ടി സീല്‍ ചെയ്തത്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി സര്‍ക്കാറിന് നികുതിയും ലൈസന്‍സ് ഫീസും നല്‍കാതെയാണ് അട്ടപ്പാടിയിലെ കൈയേറ്റ ഭൂമിയില്‍ 23 കാറ്റാടി യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. നാലര ലക്ഷം യൂനിറ്റ് വൈദ്യുതി പ്രതിദിനം ഉത്പാദിപ്പിച്ചിരുന്ന കാറ്റാടി യന്ത്രങ്ങളില്‍ നിന്ന് കമ്പനികള്‍ കോടിക്കണക്കിന് രൂപയാണ് നേടിയിരുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി കാറ്റാടി കമ്പനികള്‍ക്കെതിരെ അട്ടപ്പാടിയില്‍ സമരങ്ങള്‍ മുറുകിയപ്പോഴും കോടതികളില്‍ നിന്ന് താത്കാലികമായി നേടിയ സ്റ്റേകളുടെ പിന്‍ബലത്തിലാണ് കമ്പനികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. തുടര്‍ന്നാണ് ഈ വര്‍ഷം ആദ്യം പഞ്ചായത്ത് ഡയറക്ടര്‍ കാറ്റാടി യന്ത്രങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ച് ഷോളയൂര്‍ ഗ്രാമപഞ്ചായത്തിനോട് റിപ്പോര്‍ട്ട് തേടിയത്. തുടര്‍ന്ന് ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കാറ്റാടി കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി. പിറ്റേന്ന് തന്നെ ഈ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നും മാറ്റിയിരുന്നു.
കാറ്റാടി ഉടമകള്‍ ഹൈക്കോടതിയില്‍ നിന്ന് 15 ദിവസത്തേക്ക് സ്റ്റേ ഉത്തരവും നേടി. സ്റ്റേ കഴിഞ്ഞയുടന്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് ഷോളയൂരിലെത്തിയ പഞ്ചായത്ത് സെക്രട്ടറി വി ആര്‍ ഭാസ്‌കരന്റെ നേതൃത്വത്തില്‍ ഈമാസം 17ന് കാറ്റാടി യന്ത്രങ്ങള്‍ അടച്ചുപൂട്ടുകയായിരുന്നു. ഒരാഴ്ച തികയും മുമ്പാണ് ഭാസ്‌കരനെ പുതുശ്ശേരിയിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവ് വന്നത്. കാറ്റാടി യന്ത്രങ്ങള്‍ തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് ഉടമകള്‍ സമ്മര്‍ദം ചെലുത്തിയാണ് ഭാസ്‌കരനെ സ്ഥലം മാറ്റിയതെന്ന് പഞ്ചായത്ത് ജീവനക്കാര്‍ ആരോപിക്കുന്നു.
നിലവില്‍ കാറ്റാടി യന്ത്രങ്ങളുടെ കണ്‍ട്രോള്‍ റൂമുകളാണ് അടച്ചുപൂട്ടിയിരിക്കുന്നത്. കാറ്റാടി യന്ത്രങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പ്രതിമാസം അറ്റകുറ്റപ്പണി ആവശ്യമായ കാറ്റാടി യന്ത്രങ്ങളിലേക്ക് സീല്‍ ചെയ്തതു മൂലം ഉടമകള്‍ക്കോ ജീവനക്കാര്‍ക്കോ പ്രവേശിക്കാനാകില്ല. ഇതിനെ പ്രതിരോധിക്കാനാണ് ഭാസ്‌കരനെ സ്ഥലംമാറ്റിയിരിക്കുന്നതെന്ന് പഞ്ചായത്ത് ജീവനക്കാര്‍ ആരോപിക്കുന്നു. കാറ്റാടി യന്ത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭൂമി സ്വന്തമാകണമെങ്കില്‍ ഉടമകള്‍ നല്‍കുന്ന കരം പഞ്ചായത്ത് സ്വീകരിക്കണം.
എന്നാല്‍ ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് നല്ലശിങ്കയില്‍ പ്രവര്‍ത്തിക്കുന്ന കാറ്റാടി യന്ത്രങ്ങളുടെ കരം സ്വീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കൈയേറ്റ ഭൂമിയാണ് ഇതെന്ന് ഒറ്റപ്പാലം സബ് കലക്ടറുടെ സര്‍വേയില്‍ കണ്ടെത്തിയതാണ് കാരണം. ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് 2011 ലും 2014 ലും ഉടമകള്‍ക്ക് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഒറ്റപ്പാലം സബ് കലക്ടറുടെ സര്‍വേ മാനദണ്ഡമാക്കി ആദിവാസികളുടെ ഭൂമി തിരികെ പിടിക്കാനുള്ള നടപടികള്‍ക്കും അടുത്ത ദിവസം തുടക്കം കുറിക്കാനിരിക്കുകയാണ്. വനഭൂമിയും ആദിവാസി ഭൂമിയും അളന്ന് തിട്ടപ്പെടുത്താന്‍ പഞ്ചായത്ത് വനംവകുപ്പിന്റെ സഹായം തേടും. നിലവില്‍ സിന്തൈറ്റ് ഗ്രൂപ്പ് അടക്കമുള്ള പ്രമുഖരാണ് അട്ടപ്പാടിയില്‍ കാറ്റാടി പാടങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. കാറ്റാടി യന്ത്രങ്ങള്‍ എന്നെന്നേക്കുമായി ഒഴിപ്പിക്കുകയോ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പാതി വിജയം കണ്ട സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സ്ഥലംമാറ്റിയതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം.