Connect with us

National

റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ

Published

|

Last Updated

ന്യൂഡല്‍ഹി: റോഡ് അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സേഫ്റ്റി ബില്‍ ഉടന്‍ തന്നെ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു മോദി. പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടര്‍ച്ചയായി തടസ്സപ്പെടുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിച്ചു. ലളിത് മോദി വിവാദത്തില്‍ ഉള്‍പ്പെട്ട വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാരാജെ സിന്ധ്യ, വ്യാപം കേസില്‍ ആരോപണവിധേയനായ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭ തടസ്സപ്പെടുത്തിയത്. ഇക്കാര്യത്തെ കുറിച്ചൊന്നും പറയാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.
വാഹനാപകടങ്ങളില്‍ ഇരകളാകുന്നവരില്‍ ഭൂരിഭാഗവും പതിനഞ്ചിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തില്‍ റോഡ് സുരക്ഷാ ബില്‍ ഉടന്‍ പാര്‍ലിമെന്റില്‍ വെക്കും. ദേശീയ റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി അപകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും. ഗുഡ്ഗാവ്, ജയ്പൂര്‍, വഡോദര എന്നീ സ്ഥലങ്ങളിലാകും പ്രാരംഭ ഘട്ടത്തില്‍ ഇത് നടപ്പാക്കുക. മുംബൈ, റാഞ്ചി, മൗര്യ ദേശീയ പാതകളില്‍ രണ്ടാം ഘട്ടമായി പദ്ധതി നടപ്പാക്കും.
ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന പ്രകാരം എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ഉറപ്പാക്കും. കാര്‍ഗില്‍ വിജയ് ദിവസിന്റെ പശ്ചാത്തലത്തില്‍ സൈന്യത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ അറിയിക്കാന്‍ ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.