Connect with us

Gulf

ഷാര്‍ജയിലും അജ്മാനിലും കെട്ടിട വാടക മൂന്നു ശതമാനം കുറഞ്ഞെന്ന്

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജയിലും അജ്മാനിലും കെട്ടിട വാടകയില്‍ മൂന്നു ശതമാനത്തിന്റെ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2015ന്റെ രണ്ടാം പാദത്തിലാണ് വാടകയില്‍ കുറവ് സംഭവിച്ചിരിക്കുന്നതെന്ന് റിയല്‍ എസ്റ്റേറ്റ് രംഗവുമായി ബന്ധപ്പെട്ട് അസ്റ്റികോയുടെ നോര്‍ത്തേണ്‍ എമിറേറ്റ്‌സ് ക്യൂ 2, 2015 റിപ്പോര്‍ട്ട് വ്യക്തമാക്കി. വര്‍ഷത്തിന്റെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് വാടകയില്‍ കുറവുണ്ടായിരിക്കുന്നത്. രണ്ട് എമിറേറ്റിലും പല കെട്ടിടങ്ങളും ആവശ്യക്കാരില്ലാത്തതിനാല്‍ അടഞ്ഞുകിടക്കുകയാണ്.

അജ്മാനില്‍ അടുത്തകാലത്തായി നിരവധി കെട്ടിടങ്ങളാണ് പണി പൂര്‍ത്തിയായിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും കാലിയാണ്. അടുത്തിടെയായി വാടകക്കാരുടെ അന്വേഷണം കുറഞ്ഞിരിക്കയാണ്. ഷാര്‍ജ കോര്‍ണീഷില്‍ രണ്ട് മുറികളുള്ള ഫഌറ്റിന് 48,000 ദിര്‍ഹം മുതല്‍ 80,000 ദിര്‍ഹം വരെ വാര്‍ഷിക വാടക ഈടാക്കുമ്പോള്‍ ഇതേ സൗകര്യത്തിലുള്ള ഫഌറ്റിന് അജ്മാനില്‍ 32,000 മുതല്‍ 40,000 ദിര്‍ഹം വരെ മതിയാവും.
ഫുജൈറയിലും ഉമ്മുല്‍ ഖുവൈനിലും ആവശ്യക്കാരുടെ വരവ് കുറവാണെങ്കിലും വാടകയില്‍ മാറ്റം സംഭവിച്ചിട്ടില്ല. തുറമുഖങ്ങളിലും ഫ്രീസോണുകളിലും പ്രവര്‍ത്തനങ്ങള്‍ സജീവമായതിനാല്‍ ഇവിടങ്ങളില്‍ വ്യാപാര രംഗത്ത് ഉണര്‍വുള്ളതാണ് വാടക കുറയാതിരിക്കാന്‍ ഇടയാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം വാടകയില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് എടുത്തുപറയുന്നു. ഫുജൈറ, റാസല്‍ ഖൈമ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലാണ് വാടകയില്‍ ഈ വര്‍ഷം വര്‍ധനവ് സംഭവിച്ചിരിക്കുന്നത്.
ഫുജൈറയില്‍ ഏറ്റവും മികച്ച ഫഌറ്റുകള്‍ക്ക് 55,000 മുതല്‍ 62,000 ദിര്‍ഹം വരെയാണ് വാടക. റാസല്‍ ഖൈമയില്‍ 50,000 മുതല്‍ 65,000 വരെയും ഉമ്മുല്‍ ഖുവൈനില്‍ 28,000 മുതല്‍ 30,000 വരെയുമാണിത്. ഫഌറ്റുകളുടെ നിലവാരം കുറയുന്നതിനനുനുസരിച്ച് വാടകയും ഗണ്യമായി കുറയും.
റാസല്‍ ഖൈമയിലാണ് വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കെട്ടിടങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെ ഉണ്ടായത്. അല്‍ ഹംറ വില്ലേജിലും മിന അല്‍ അറബിലും വസ്തു സ്വന്തമാക്കാന്‍ നിരവധി പേരാണ് എത്തിയത്. ഇവിടങ്ങളില്‍ വില്ലകള്‍ക്കും ടൗണ്‍ ഹൗസുകള്‍ക്കുമായിരുന്നു ആളുകള്‍ കൂടുതലായി എത്തിയത്. ഒന്നാം പാദത്തിലെ മികച്ച പ്രകടനമാണ് രണ്ടാം പാദത്തില്‍ ആര്‍ എ കെ പ്രോപ്പര്‍ടീസിനെ ഫ്‌ളെമിങ്കോ വില്ലാസ് രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യാന്‍ പ്രേരിപ്പിച്ചത്. ചതുരശ്രയടിക്ക് 600 ദിര്‍ഹം വീതമായിരുന്നു ഫ്‌ളെമിങ്കോ വില്ലാസിന് ഒന്നാം പാദത്തില്‍ ലഭിച്ചത്.
ഗോള്‍ഫ് കോഴ്‌സ് കാഴ്ചയോട് കൂടിയ അല്‍ ഹംറയിലെ താമസകേന്ദ്രങ്ങള്‍ക്ക് ചതുരശ്രയടിക്ക് 500 മുതല്‍ 700 ദിര്‍ഹം വരെയായിരുന്നു ലഭിച്ചത്.
ഷാര്‍ജയില്‍ പ്രവാസികള്‍ക്ക് 100 വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനും മികച്ച പ്രതികരണമായിരുന്നു.

Latest