Connect with us

Editorial

കുടുംബ ബന്ധത്തിലെ ശൈഥില്യം

Published

|

Last Updated

“ദരിദ്രര്‍ ഏറെയുള്ള സമ്പന്ന രാഷ്ട്രമാണ് ഇന്ത്യ” എന്ന വിലയിരുത്തലിന് ഏറെ പഴക്കമുണ്ട്. ഇന്നും ചില്ലറ ഏറ്റക്കുറച്ചിലുകളുമായി ഈ കാഴ്ചപ്പാട് തുടരുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പന്നരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ എട്ടാം സ്ഥാനത്താണെന്ന് “ന്യൂ വേള്‍ഡ് വെല്‍ത്തി”ന്റെ ഒരു പഠനം വിലയിരുത്തുന്നു. രാജ്യത്ത് 14,800 ശതകോടീശ്വരന്മാരുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍മാത്രം 2700 ശതകോടീശ്വരന്മാരുണ്ട്. ഏറ്റവും കൂടുതല്‍ ധനികര്‍ താമസിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ നമ്മുടെ മഹാനഗരമായ മുംബൈ 25ാം സ്ഥാനത്താണ്. 15,400ലധികം ശതകോടീശ്വരന്മാരുള്ള ഹോംഗ്‌കോംഗിനാണ് ഒന്നാം സ്ഥാനം.
ലോകസമ്പദ്ഘടനയെ നിയന്ത്രിച്ചിരുന്ന അമേരിക്കന്‍ ഡോളറിന്റെ മൂല്യം ആടിയുലഞ്ഞതും എണ്ണം പറഞ്ഞ ബേങ്കുകള്‍ പലതും ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞതും ആരും മറന്നുകാണില്ല. ഈ സാമ്പത്തിക മാന്ദ്യത്തെ മനഃസ്ഥൈര്യത്തോടെ, കാലിടറാതെ പിടിച്ചുനിന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരുന്നു. ഇതിന് ശക്തിപകര്‍ന്നത് നാം കരുപ്പിടിപ്പിച്ച പൊതുമേഖലാ ബേങ്കുകളും പൊതു മേഖലയിലെ മറ്റു സ്ഥാപനങ്ങളുമാണ്. അനുഭവത്തില്‍ നിന്നും പാഠം പഠിച്ചില്ലെങ്കില്‍ വരാനിരിക്കുന്നത് ഇരുളടഞ്ഞ ദിനങ്ങളായിരിക്കും. സാമ്പത്തിക ഞെരുക്കം നേരിടാന്‍, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു പി എ ഒന്നും രണ്ടും സര്‍ക്കാറുകളും, ബി ജെ പി നയിക്കുന്ന എന്‍ ഡി എ സര്‍ക്കാറും ലക്ഷ്യം വെക്കുന്നത്. ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വിത്തിന് സൂക്ഷിച്ചത് കുത്തിവെളുപ്പിച്ച് ശാപ്പാടടിക്കുന്നതിലെ അപകടം ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കില്‍ അനുഭവം തിക്തമായിരിക്കും. “ഗരീബി ഹഠാഓ”, “ഇന്ത്യ തിളങ്ങുന്നു”, “അഛാ ദിന്‍ ആ ഗയ” തുടങ്ങിയ മോഹന സുന്ദര മുദ്രാവാക്യങ്ങള്‍ വെറും പാഴ്‌വാക്കുകളായി മാറിയത് ഭരണകൂടത്തിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് പറയാതെവയ്യ. 126 കോടിയിലേറെ ജനസംഖ്യയുള്ള ഇന്ത്യയില്‍ ശതകോടീശ്വരന്മാര്‍ 14,800 മാത്രമാണ്. കോടീശ്വരന്മാര്‍ പതിന്മടങ്ങുകൂടി ഉണ്ടായേക്കാം. ഈ ഒരു അന്വേഷണം തുടര്‍ന്നാല്‍ നാം എത്തിപ്പെടുന്നത് പട്ടിണിപ്പാവങ്ങളുടെ നടുക്കടലിലായിരിക്കും. ഗരീബി ഹഠാഓ പ്രചാരണം പൊടിപാറിക്കുമ്പോഴും പാവം ജനകോടികള്‍ ദരിദ്രരായിത്തന്നെ കഴിയുകയായിരുന്നു. “ഇന്ത്യ തിളങ്ങുന്നു” പ്രചാരവേല പൊടിപൊടിച്ചപ്പോള്‍ തിളക്കം സമൂഹത്തിലെ സമ്പന്നര്‍ക്ക് മാത്രമായിരുന്നു. ഇപ്പോള്‍ പറയുന്ന “അഛാ ദിന്‍” പുലരാന്‍, കാല്‍ നൂറ്റാണ്ടെങ്കിലും വേണ്ടിവരുമെന്ന് അതിന്റെ പ്രണേതാക്കള്‍ തന്നെ പറയുന്നു. മുന്‍കാല അനുഭവങ്ങളില്‍ നിന്നുള്ള പാഠമുള്‍ക്കൊണ്ടാണ് ഈ തുറന്നുപറച്ചില്‍ എങ്കില്‍ സ്വാഗതാര്‍ഹമാണ്. ജനാധിപത്യത്തിന്റെ കാവല്‍ക്കാരായ പൊതുജനം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു എന്നതിന്റെ പ്രകടമായ തെളിവാണ് ബി ജെ പി നേതാവിന്റെ ഏറ്റുപറച്ചില്‍.
കുട്ടികളും ജീവിതസായാഹ്നത്തിലെത്തിയ വയോധികരും എങ്ങനെ കാലം കഴിക്കുന്നു എന്ന് നിരീക്ഷിച്ചാല്‍ ഭരണകൂടത്തിന്റെ ദൗര്‍ബല്യം മനസ്സിലാക്കാന്‍ പ്രയാസമില്ല. പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം കുട്ടികളെ കാണാതാകുന്നു. ഇതില്‍ 45 ശതമാനത്തിലധികം പേരെക്കുറിച്ച് ഒരു അന്വേഷണവും നടക്കുന്നില്ല. കാണാതാകുന്നവരില്‍ പകുതിയിലേറെയും പെണ്‍കുട്ടികളാണെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ സ്ഥിതി ഇതാണെങ്കില്‍ ഇതിലേറെ പരിതാപകരമാണ് മുതിര്‍ന്ന പൗരന്മാരുടെ അവസ്ഥ. ഇവരില്‍ മൂന്നില്‍ രണ്ട്‌പേരും കടുത്ത അവഗണന നേരിടുന്നു എന്നാണ് “ഏജ് വെല്‍ ഫൗണ്ടേഷന്‍” നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്. വാര്‍ധക്യത്തിന്റെ അനിവാര്യമായ അവശതകള്‍ മാത്രമല്ല, രക്തബന്ധത്തിലുള്ളവരുടെ പോലും മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്കും ഇവര്‍ ഇരയാകുന്നു. മാതാപിതാക്കളെ “നടതള്ളുന്ന”തില്‍ പോലും മക്കള്‍ക്ക് മനഃസാക്ഷികുത്തില്ലാതായിരിക്കുന്നു. കൂട്ടുകുടുംബ വ്യവസ്ഥക്ക് എന്തെല്ലാം പോരായ്മകള്‍ ഉണ്ടായിരുന്നുവെങ്കിലും അതില്ലാതായപ്പോള്‍ കുടുംബ ബന്ധത്തിലെ പവിത്രത നാടുകടത്തപ്പെട്ടിരിക്കുന്നു. ഇന്ന് സമൂഹത്തില്‍ പ്രകടമാകുന്ന മിക്കവാറും ദുഷിപ്പുകള്‍ക്ക് ആരംഭം കുറിക്കുന്നത് ഈ ശൈഥില്യത്തില്‍ നിന്നാണ്. ഈ ഒരു തിരിച്ചറിവ് ഉന്നത വിദ്യാഭ്യാസത്തിലൂടെ മാത്രം കൈവരിക്കാനാവില്ല. ഇതൊരു സംസ്‌കാരമാണ്. സ്‌നേഹവും ത്യാഗവും സമര്‍പ്പണബോധവുമാണ് ഇതിന്റെ ചേരുവകള്‍. മുതിര്‍ന്ന തലമുറയാണ് ഇതിന്റെ സൂക്ഷിപ്പുകാര്‍. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ മുതിര്‍ന്നവര്‍ ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്- വാര്‍ധക്യം കുറ്റമാണോ….. ആര്‍ക്കാണ് ഇതിനൊരു മറുപടി നല്‍കാനാകുക