ഹൃദയം മാറ്റിവെച്ച മാത്യു ജീവിതത്തിലേക്ക് മടങ്ങുന്നു

Posted on: July 26, 2015 12:06 am | Last updated: July 26, 2015 at 12:06 am

heartകൊച്ചി: ചരിത്രത്തിലിടംപിടിച്ച ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ മാത്യു അച്ചാടന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി. മാറ്റിവെച്ച ഹൃദയം യന്ത്ര സഹായമില്ലാതെ പ്രവര്‍ത്തിച്ചു തുടങ്ങിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി 1.45 ഓടെയാണ് ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കാര്‍ഡിയാക് ഐ സി യുവിലെ വെന്റിലേറ്ററിലേക്ക് മാറ്റിയ മാത്യു ഇപ്പോഴും വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. 10.15 ഓടെ മാത്യുവിന് ബോധം തെളിഞ്ഞിരുന്നു. 48 മണിക്കൂറിന് ശേഷമേ ശസ്ത്രക്രിയ പൂര്‍ണവിജയമായി എന്നു പറയാനാകുവെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ കാര്‍ഡിയാക് സര്‍ജന്‍ ജോസ് ചാക്കോ പെരിയപുറം പറഞ്ഞു. ഇതിനു ശേഷം ശരീരം അനുകൂല സാഹചര്യത്തില്‍ പ്രതികരിച്ചാല്‍ അധികം വൈകാതെ മാത്യുവിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റും.
മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പാറശാല ലളിത ഭവനില്‍ അഡ്വ. എസ്. നീലകണ്ഠ ശര്‍മയുടെ ഹൃദയമാണ് മാത്യുവിന് ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചത്. സംസ്ഥാനത്ത് ആദ്യമായി എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ട് ഹൃദയം എത്തിച്ചുവെന്ന സവിശേഷതയും ഉണ്ടായി.
വൈദ്യശാസ്ത്ര രംഗത്തെ അടിയന്തര സാഹചര്യത്തില്‍ എയര്‍ ആംബുലന്‍സിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് കേരളം ഗൗരവമായി ചിന്തിക്കേണ്ട സമയമായെന്ന് ഡോ. ജോസ് ചാക്കോ പറഞ്ഞു. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന തരത്തില്‍ എയര്‍ ആംബുലന്‍സ് സംവിധാനം വ്യാപിപ്പിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.