വലിയോറ പാറമ്മലില്‍ വീണ്ടും സുന്നി പ്രവര്‍ത്തകരെ ആക്രമിച്ചു

Posted on: July 25, 2015 10:47 am | Last updated: July 25, 2015 at 10:47 am

വേങ്ങര: വലിയോറ പരപ്പില്‍പാറ-പാറമ്മലില്‍ വീണ്ടും സുന്നിപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും വിഘടിത-ലീഗ് ആക്രമം.
പരുക്കേറ്റ രണ്ട് പ്രവര്‍ത്തകരെ വേങ്ങര കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒന്‍പതോടെയാണ് സംഭവം. കടയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഇടക്കൊടിയാടന്‍ കോയക്കുട്ടി (32), സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന പറമ്പന്‍ ഫസലു(28) എന്നിവരെയാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം മാളിയേക്കല്‍ ഹാരിസ്, വാര്‍ഡ് അംഗവും ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവുമായ എ കെ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തില്‍ അന്‍പതോളം ലീഗ്-വിഘടിത പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. പരിസരപ്രദേശമായ ചിനക്കല്‍, അടക്കാപുര, മനാട്ടിപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്നും ആസൂത്രിതമായി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയാണ് അക്രമം അഴിച്ചുവിട്ടത്.
പ്രദേശത്തെ സുന്നി പ്രവര്‍ത്തക കൂട്ടായ്മയുടെ വളര്‍ച്ചയില്‍ ഭീതി പൂണ്ട വിഘടിത-ലീഗ് വിഭാഗം നേരത്തെ തന്നെ ആസൂത്രിതമായി സംഘര്‍ഷത്തിന് നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം രൂക്ഷമാകുകയും പോലീസ് നിര്‍ദേശം അംഗീകരിക്കാതെ വെല്ലുവിളിക്കുകയും ചെയ്ത അഞ്ച് സുന്നി പ്രവര്‍ത്തകരെ അക്രമിച്ചിരുന്നു.