കൗമാരക്കാരന്‍ നിര്‍മിച്ച വെടിയുതിര്‍ക്കുന്ന ചെറു ഡ്രോണ്‍ വിമാനത്തെ കുറിച്ച് അമേരിക്ക അന്വേഷിക്കുന്നു

Posted on: July 23, 2015 5:38 am | Last updated: July 23, 2015 at 9:38 am

വാഷിംഗ്ടണ്‍: കൗമാരക്കാരന്‍ നിര്‍മിച്ച വെടിയുതിര്‍ക്കുന്ന ചെറു ഡ്രോണ്‍ വിമാനം സംബന്ധിച്ച് അമേരിക്ക അന്വേഷണത്തിനൊരുങ്ങുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഡ്രോണിന്റെ വീഡിയോ വൈറലായ പശ്ചാത്തലത്തിലാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍( എഫ് എ എ) അന്വേഷണത്തിനൊരുങ്ങുന്നത്. ജുലൈ 10ന് യ്യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ഇരുപത്് ലക്ഷം പേരാണ് കണ്ടത്. കണക്ടിക്ട് പാര്‍കില്‍ കണ്ട ആളില്ലാ വിമാനം ഫെഡറല്‍ ഏവിയേഷന്‍ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് എഫ് എ എ പ്രസ്താവനയില്‍ പറഞ്ഞു. ഇതിനു പുറമെ ക്രിമിനല്‍ നിയമ ലംഘനം നടന്നോയെന്നും പരിശോധിക്കും. ഫഌിംഗ് ഗണ്‍ എന്ന് പേരിട്ടിട്ടുള്ള വിമാനം അര്‍ധ യന്ത്രവത്കൃത തോക്കുപയോഗിച്ച് നാല് തവണ വെടിയുതിര്‍ക്കുന്ന 14 സെക്കന്റ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. കണക്ടിക്ടിലെ ക്ലിന്റണിലെ ഒരു യൂനിവേഴ്‌സിറ്റിയിലെ 18കാരനായ അസ്റ്റിന്‍ ഹോഗൗട്ട് എന്ന വിദ്യാര്‍ഥിയാണ് ഡ്രോണ്‍ നിര്‍മിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം തന്റെ മകന്‍ നിര്‍മിച്ചത് റിമോട്ട് കണ്‍ട്രോളര്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു കളിപ്പാട്ടം മാത്രമാണെന്നും മാധ്യമങ്ങള്‍ ഭീതിപരത്തുകയാണെന്നും അസ്റ്റിന്‍ ഹോഗൗട്ടിന്റെ പിതാവ് ബ്രറ്റ് ഹോഗൗട്ട് പറഞ്ഞു.