ഭക്ഷണശാലകളില്‍ റെയ്ഡ് ശക്തമാക്കാന്‍ തീരുമാനം

Posted on: July 23, 2015 6:00 am | Last updated: July 23, 2015 at 12:39 am
SHARE

FOODതിരുവനന്തപുരം: ഭക്ഷ്യവസ്തുക്കളില്‍ രുചി വര്‍ധിപ്പിക്കുന്നതിനും മറ്റുമായി രാസപദാര്‍ഥങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് തടയാന്‍ ഓപറേഷന്‍ രുചിയുടെ ഭാഗമായി സംസ്ഥാനത്തെ ബേക്കറികള്‍, ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഭക്ഷണശാലകളില്‍ റെയ്ഡുകള്‍ ശക്തമാക്കും.
ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി സ്‌ക്വാഡ് പ്രവര്‍ത്തനം വ്യാപകമാക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. മന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന ഭക്ഷ്യസുരക്ഷാ അവലോകന യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ 4,143 സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകള്‍ പരിശോധന നടത്തി. മറ്റു ജില്ലകളിലെ സ്ഥാപനങ്ങളില്‍ ഉടന്‍ പരിശോധന നടത്തും. ഭക്ഷണ വ്യാപാര നടത്തിപ്പുകാര്‍ക്കുള്ള ജില്ലാതല-നിയോജക മണ്ഡലതല ബോധവത്കരണ പരിപാടികള്‍ സംസ്ഥാനത്തുടനീളം നടന്നു വരികയാണ്. അടുത്ത മാസം 26 ന് മുമ്പ് ഇവ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഭക്ഷ്യവസ്തുക്കളിലെ കീടനാശിനികളുടെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള ആധുനിക സംവിധാനമായ ജി സി എം എസ് തിരുവനന്തപുരം, എറണാകുളം ലാബുകളില്‍ ഈ മാസം ഉദ്ഘാടനം ചെയ്യും.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വിഷലിപ്തമായ പച്ചക്കറികള്‍ എത്തുന്നത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇതര സംസ്ഥാന പച്ചക്കറികള്‍ക്ക് കേരളത്തില്‍ നിരോധനമേര്‍പ്പെടുത്തുന്നതായുള്ള വാര്‍ത്ത അവിടങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും അത് അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി വി അനുപമ, ചീഫ് ഗവ. അനലിസ്റ്റ് എസ് ടി തങ്കച്ചന്‍, ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജോയിന്റ് കമ്മീഷണര്‍ ഡി അശ്‌റഫ്, റിസര്‍ച്ച് ഓഫീസര്‍ ജി ഗോപകുമാര്‍ പങ്കെടുത്തു.