പ്രവാസികള്‍ക്കിടയില്‍ വന്ധ്യതാ നിരക്ക് വര്‍ധിക്കുന്നു

Posted on: July 22, 2015 6:41 pm | Last updated: July 22, 2015 at 6:45 pm

ദുബൈ; വന്ധ്യതാ ചികിത്സ തേടുന്ന പ്രവാസി പുരുഷന്മാര്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ മാസം പുറത്തുവിട്ട നാഷനല്‍ റൂറല്‍ ഹെല്‍ത് മിഷന്‍ പഠന റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രവാസികളായ പുരുഷന്മാര്‍ ഗള്‍ഫിലും കേരളത്തിലുമായി വര്‍ധിച്ച രീതിയില്‍ വന്ധ്യതാ ചികിത്സ തേടുന്നതായി മനസിലാവുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പുരുഷന്മാരില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വന്ധ്യത എഴുപത് ശതമാനത്തിലധികം വര്‍ധിച്ചതായാണ് പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും തൊഴില്‍ സാഹചര്യങ്ങളും വൈകാരിക സുരക്ഷിതത്വമില്ലായ്മയുമാണ് പ്രധാന കാരണങ്ങളായി പഠനം മുന്നോട്ടുവെക്കുന്നത്. അതോടൊപ്പം ഭക്ഷണ ശീലങ്ങളിലെ മാറ്റവും കാരണമായി പറയുന്നുണ്ട്. മദ്യപാനം വര്‍ധിക്കുന്നതും ഇത്തരമൊരു സ്ഥിതി വിശേഷത്തിലേക്ക് നയിക്കുന്നുണ്ട്.
പ്രവാസികളില്‍ 80 ശതമാനവും വസിക്കുന്ന ഗള്‍ഫ് മേഖലയില്‍ തന്നെയാണ് പുരുഷ വന്ധ്യത ഏറെ കാണുന്നത്. കേരളത്തില്‍ വന്ധ്യതാ ചികിത്സക്ക് മാത്രമായി തുറന്ന ആശുപത്രികളില്‍ ചികിത്സ തേടുന്നവരില്‍ പ്രവാസികളാണ് ഏറെയുമുള്ളത്. വലിയ സാമ്പത്തിക ബാധ്യതയാണ് ഈ ചികിത്സക്ക് വരുന്നത്. ഗത്യന്തരമില്ലാതെ ഇടത്തരക്കാരായ പ്രവാസികളും ചികിത്സക്ക് മുന്നോട്ടു വരുന്നുണ്ട്. കേരളത്തില്‍ പുതുതായി മുളച്ചുപൊന്തുന്ന ഇന്‍ഫര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ പ്രധാനമായി ലക്ഷ്യമിടുന്നത് പ്രവാസികളെയാണ്.
എന്നാല്‍ വന്ധ്യതാ ചികിത്സയുടെ മറവില്‍ പകല്‍ക്കൊള്ളയാണ് നടക്കുന്നതെന്ന് പരാതികളും ഉയര്‍ന്നിട്ടുണ്ട്. മാര്‍ച്ചില്‍ കോഴിക്കോട് നടന്ന പ്രൊജിനി ഫ്രീ കപ്പിള്‍സ് വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ കൂട്ടായ്മയില്‍ പങ്കെടുത്ത നിരവധിപേര്‍ ചികിത്സയില്‍ തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി. തോന്നിയ പോലെയാണ് പല ക്ലിനിക്കുകളും ഇതിന്നായി പണം ഈടാക്കുന്നതെന്ന് അവര്‍ പറഞ്ഞു.
ചൂടുകൂടിയ തൊഴില്‍സാഹചര്യങ്ങളില്‍ ജോലിചെയ്യുന്നവര്‍ പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നാണ് ഈ രംഗത്തെ ചികിത്സ നടത്തുന്നവര്‍ പറയുന്നത്. കൃത്രിമ ഭക്ഷണങ്ങളുടെ നിരന്തര ഉപയോഗം, കോളകള്‍ പോലുള്ളവ ഉപയോഗിക്കല്‍, തണുപ്പിച്ച് സൂക്ഷിക്കുന്ന മത്സ്യ-മാംസങ്ങളുടെ തുടര്‍ച്ചയായ ഉപയോഗം തുടങ്ങിയവ വന്ധ്യത വര്‍ധിക്കാന്‍ ഇടയാക്കുന്നുണ്ട്.
കൊഴുപ്പ് കുറഞ്ഞ ഭക്ഷണ ക്രമം പാലിക്കുന്നതും വ്യായാമം പതിവാക്കുന്നതും അമിതതൂക്കവും തടിയും കുറക്കുന്നതും മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതും ഇടുക്കം കൂടിയ വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതും വന്ധ്യതാ നിവാരണത്തിന് സഹായകമാണെന്ന് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ഏതായാലും, കേരളത്തിലായാലും ഗള്‍ഫ് രാജ്യങ്ങളിലായാലും വന്ധ്യതാ ചികിത്സക്ക് വേണ്ടിവരുന്ന ഭീമമായ സാമ്പത്തികം പലരുടെയും ‘കുഞ്ഞിക്കാല്‍’ കാണുകയെന്ന സ്വപ്‌നത്തെ കെടുത്തിക്കളയുകയാണ്.