Connect with us

Malappuram

കെ പി സി സി ഇടപെട്ടു; കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്യൂണ്‍ നിയമനം നിര്‍ത്തിവെച്ചു

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്യൂണ്‍ നിയമനം കെ പി സി സി ഇടപെട്ടതിനാല്‍ താത്കാലികമായി നിര്‍ത്തിവെച്ചു.
സര്‍വകലാശാലയില്‍ വര്‍ഷങ്ങളായി സി എല്‍ ആര്‍മാരായി ജോലിചെയ്തുവന്നിരുന്ന തൊഴിലാളികളില്‍ നിന്നുമാണ് പ്യൂണ്‍ തസ്തികയിലെ സ്ഥിരം ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി 400 ഓളം പേരുള്ള ലിസ്റ്റില്‍ നിന്ന് ഇന്റര്‍വ്യൂ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ നിയമനം നല്‍കുവാനായി പട്ടികയുണ്ടാക്കി. ഇതില്‍നിന്നും ഇപ്പോള്‍ 52 പേരെ നിയമിക്കുന്നതിന് ശ്രമം നടക്കുന്നതിനിടയിലാണ് സര്‍വകലാശാലയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട് കെ പി സി സി പ്രസിഡന്റിന് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കെ പി സി സി നല്‍കിയ നിര്‍ദേശപ്രകാരം സിന്‍ഡിക്കേറ്റ് അംഗമായ കോണ്‍ഗ്രസിലെ അഡ്വ. പി എം നിയാസ് വൈസ് ചാന്‍സിലര്‍ ഡോ. എം അബ്ദുല്‍സലാമിന് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നിയമനം താത്കാലികമായി നിര്‍ത്തിവെക്കുന്നതിന് സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചത്.
സര്‍വകലാശാലയില്‍ വര്‍ഷങ്ങളായി താത്കാലിക പ്യൂണ്‍മാരായി സേവനമനുഷ്ഠിച്ച് വരികയായിരുന്ന ജീവനക്കാര്‍ക്ക് നിയമനത്തില്‍ 30 ശതമാനം സംവരണ പ്രകാരം തയ്യാറാക്കിയ ലിസ്റ്റാണ് ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം മരവിപ്പിച്ചത്. ഇതോടെ സി എല്‍ ആര്‍ ജീവനക്കാരില്‍ നല്ലൊരു വിഭാഗത്തിന് പുറത്തുപോകേണ്ടിവരും. ഇന്നലെ നടന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ നിര്‍ദേശപ്രകാരമാണ് സിന്‍ഡിക്കേറ്റ് അംഗമായ അഡ്വ. പി എം നിയാസ്, സി എല്‍ ആര്‍ നിയമനവുമായി ബന്ധപ്പെട്ട് അജന്‍ഡയില്‍ വന്നത് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍ക്ക് കത്തുനല്‍കിയത്. ഇത് ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് ചര്‍ച്ചചെയ്ത് മരവിപ്പിക്കുകയായിരുന്നു. ഇതോടെ 25 വര്‍ഷത്തോളമായി നിയമനം കാത്തുകഴിയുന്ന പാവപ്പെട്ട നിരവധി സി എല്‍ ആര്‍മാരുടെ പ്രതീക്ഷക്ക് മങ്ങലേറ്റു.