Connect with us

International

ഭൂട്ടോ വധത്തില്‍ മുശര്‍റഫ് കുറ്റവിമുക്തനായേക്കും

Published

|

Last Updated

ഇസ്‌ലാമാബാദ്: തെളിവുകളുടെ അഭാവം മൂലം പാക്കിസ്ഥാന്‍ മുന്‍ സൈനിക ഭരണാധികാരി പര്‍വേസ് മുശര്‍റഫ,് ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ കുറ്റവിമുക്തനായേക്കും. ഇദ്ദേഹത്തിനെതിരെ സാക്ഷിപറഞ്ഞ വ്യക്തി ഇപ്പോള്‍ പിന്മാറിയതാണ് മുശര്‍റഫിന് തുണയാകുന്നത്.
പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ 2007ല്‍ മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പ് റാലിയെ അഭിമുഖീകരിച്ച് സംസാരിച്ച ശേഷമായിരുന്നു ആക്രമണം. ഈ സമയത്ത് രാജ്യത്തിന്റെ പ്രസിഡന്റ് മുശര്‍ഫായിരുന്നു. എന്നാല്‍ ഇതിലെ പങ്ക് നിഷേധിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നെങ്കിലും 2008ല്‍ സമ്മര്‍ദം ശക്തമായതോടെ രാജിവെക്കുകയായിരുന്നു. ഇതിന് ശേഷം 2010ല്‍ ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ ഇദ്ദേഹത്തിന് പങ്കുള്ളതായി കണ്ടെത്തുകയും ചെയ്തിരുന്നു.
മുന്‍ ആഭ്യന്തര സെക്രട്ടറി സയ്യിദ് കമാല്‍ ശാഹ്, നാഷനല്‍ ക്രൈസിസ് മാനേജ്‌മെന്റ് സെല്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജാവേദ് ഇഖ്ബാല്‍, ഐ ബിയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഇജാസ് ശാഹ്, അമേരിക്കക്കാരനായ മാര്‍ക്ക് സീഗല്‍ എന്നിങ്ങനെ നാല് പേരുടെ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് മുശര്‍റഫിനെതിരെയുള്ള കേസ് നിലനിന്നിരുന്നത്. ഇവരില്‍ പാക്കിസ്ഥാനികളായ മൂന്ന് പേരും മുശര്‍റഫിന് കീഴില്‍ ഉന്നത ജോലി ചെയ്തവരായിരുന്നു. ഇവരില്‍ രണ്ട് പേര്‍ നേരത്തെ തന്നെ സാക്ഷിമൊഴിയില്‍ നിന്ന് പിന്‍വാങ്ങി. ഇതോടെ ഇജാസ് ശാഹ് എന്ന മൂന്നാമത്തെ സാക്ഷിയെ വിസ്തരിക്കാന്‍ വിളിക്കേണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ സാക്ഷിമൊഴി ആവശ്യമില്ലെന്നാണ് പ്രോസിക്യൂട്ടര്‍മാരുടെ വാദം. സയ്യിദ് കമാലിന്റെയോ ജാവേദ് ഇഖ്ബാലിന്റെയോ മൊഴികളില്‍ മുശര്‍റഫിനെ കുറ്റക്കാരനാക്കാവുന്ന ഒരു തെളിവും ഇല്ലെന്ന് മുശര്‍റഫിന് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ ഇല്‍യാസ് സിദ്ദീഖി വ്യക്തമാക്കി. അമേരിക്കക്കാരായ സീഗല്‍, മുശര്‍റഫിനും അദ്ദേഹത്തിന്റെ സഹായികള്‍ക്കും ഭൂട്ടോ വധത്തില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. 2007 ഒക്‌ടോബര്‍ 26ന് ബേനസീര്‍ ഭൂട്ടോ തനിക്ക് ഇ മെയില്‍ ചെയ്തിരുന്നുവെന്നും സുരക്ഷിതത്വത്തെ കുറിച്ച് ഇതില്‍ അവര്‍ ആശങ്കപ്പെട്ടിരുന്നുവെന്നും സീഗല്‍ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റൊരു കത്തില്‍ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം മുശര്‍ഫിനായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതോടൊപ്പം മറ്റു ചിലരുടെ പേര് കൂടി പരാമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേസില്‍ വാദം കേള്‍ക്കാന്‍ വേണ്ടി മൂന്ന് വര്‍ഷമായി അദ്ദേഹത്തെ കോടതി വിളിക്കുന്നുണ്ടെങ്കിലും സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി ഹാജരായിട്ടില്ല. വീഡിയോ വഴി മൊഴിയെടുക്കാന്‍ കോടതി നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും ഇത് നടപ്പാക്കാനും സാധിച്ചിട്ടില്ല. ഈ സാഹചര്യം മുതലെടുത്ത് തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് മുശര്‍റഫ് കോടതിയില്‍ ഹരജി നല്‍കുമെന്ന് സിദ്ദീഖി പറഞ്ഞു. അതുകൊണ്ട് തന്നെ തെളിവുകളുടെ അഭാവം മൂലം കോടതിക്ക് മുശര്‍റഫിനെ കുറ്റവിമുക്തനാക്കി വിധിപറയേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Latest