തെരുവ് നായശല്യം രൂക്ഷം; പേയിളകിയ നായയെ തല്ലിക്കൊന്നു

Posted on: July 21, 2015 9:25 am | Last updated: July 21, 2015 at 9:25 am

താമരശ്ശേരി: നാട്ടിന്‍പുറങ്ങളിലെ തെരുവ് നായശല്യം രൂക്ഷമായത് ജനത്തെ ഭീതിയിലാക്കുന്നു. പകല്‍സമയത്തുപോലും തെരുവ്‌നായ്ക്കള്‍ നെട്ടോട്ടമോടുന്നതിനാല്‍ വിദ്യാര്‍ഥികളെ സ്‌കൂളിലയക്കാന്‍പോലും രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്. കിഴക്കോത്ത് പന്നൂരില്‍ ഏതാനും ദിവസമായി തെരുവ് നായ്ക്കള്‍ ഭീതി പരത്തിയിരുന്നു. ഇന്നലെ രാവിലെ മുതല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പേയിളകിയതെന്ന് സംശയിക്കുന്ന നായയെ രാത്രിയോടെ നാട്ടുകാര്‍ തല്ലിക്കൊന്നു. രാവിലെ മുതല്‍ ബൈക്ക്, കാര്‍ യാത്രക്കാരെയും കാല്‍നട യാത്രക്കാരെയും അക്രമിക്കാനോടിയ നായയെ നാട്ടുകാര്‍ മണിക്കൂറുകളോളം പിന്തുടര്‍ന്നാണ് കീഴ്‌പ്പെടുത്തിയത്.
താമരശ്ശേരി ടൗണിലും പരിസരങ്ങളിലും രാപ്പകല്‍ ഭേദമന്യേ തെരുവ്‌നായ്ക്കള്‍ സൈ്വര്യവിഹാരം നടത്തുകയാണ്. മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നതും ഭക്ഷ്യാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതുമാണ് നൊയ്ക്കള്‍ തെരുവില്‍ അലയാനിടയാക്കുന്നത്.