Connect with us

Kozhikode

അഖിലേന്ത്യാ മെഡിക്കല്‍ പരീക്ഷ: നിര്‍ദേശങ്ങള്‍ വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കൈയേറ്റം എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട്: ഈമാസം 25ന് നടക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ പരീക്ഷയില്‍ ക്രമക്കേട് തടയാനെന്ന പേരില്‍ സി ബി എസ് ഇ കൊണ്ടുവരാനുദ്ദേശിക്കുന്ന നിയന്ത്രണങ്ങളില്‍ പലതും വ്യക്തിസ്വാതന്ത്ര്യത്തിനു മേലുളള കൈയേറ്റമാണെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത പരിശോധനകളും നിയന്ത്രണങ്ങളുമാണ് സി ബി എസ് ഇ നിര്‍ദേശിച്ചിരിക്കുന്നത്. ഫലത്തില്‍ വിദ്യാര്‍ഥികളെ മുഴുവന്‍ കോപ്പിയടിക്കാരായി ചിത്രീകരിക്കുന്നവയാണ് ഈ നിര്‍ദേശങ്ങള്‍. എവിടെയെങ്കിലും നടന്ന ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പരീക്ഷാര്‍ഥികളെ ഒന്നടങ്കം സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്താനുളള നീക്കം ആശങ്കാജനകമാണ്. പരീക്ഷ കുറ്റമറ്റതാക്കാനും ക്രമക്കേടുകള്‍ തടയാനും മറ്റനേകം വഴികളുണ്ടെന്നിരിക്കെ ഇത്തരം പ്രാകൃത നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിലൂടെ പരീക്ഷാ നടത്തിപ്പില്‍ തങ്ങളുടെ കഴിവുകേട് വെളിപ്പെടുത്തുകയാണ് സി ബി എസ് ഇ അധികൃതര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടികളുടേതുള്‍പ്പെടെ വസ്ത്ര പരിശോധനയും ചെവിക്കുള്ളില്‍ ടോര്‍ച്ചടിച്ചു നോക്കുന്നതും പോലുള്ള നിര്‍ദേശങ്ങള്‍ സി ബി എസ് ഇയെ സമൂഹമധ്യേ പരിഹാസ്യമാക്കിയിരിക്കുകയാണ്. തീവ്രവാദികളോടെന്ന പോലെ വിദ്യാര്‍ഥികളോട് പെരുമാറുന്നത് രാജ്യത്തിന്റെ വിദ്യാഭ്യാസ ഭാവിയെ അപകടത്തിലാക്കും. ഇത് തിരിച്ചറിഞ്ഞ് മെഡിക്കല്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നല്‍കിയ നിര്‍ദേശങ്ങള്‍ പിന്‍വലിക്കാന്‍ സി ബി എസ് ഇ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

Latest