Connect with us

Articles

നല്ല കാലവും കാലനും

Published

|

Last Updated

നാട്ടിലെ ചെമ്മണ്‍പാത നിര്‍മാണം അന്ന് വലിയൊരു സംഭവമായിരുന്നു. തീരെ ഇടുങ്ങിയ ഇടവഴി നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് റോഡാക്കി മാറ്റി. പഞ്ചായത്ത് ഫണ്ടാണ് ഇതിനായി ഉപയോഗിച്ചത്. അടുത്ത മഴക്ക് റോഡിന്റെ ഒരു ഭാഗം തകര്‍ന്നു. നാട്ടുകാര്‍ മുറവിളി കൂട്ടി. റോഡ് നിര്‍മാണത്തില്‍ അഴിമതി.
അന്നാണ് അഴിമതി എന്ന വാക്ക് ആദ്യമായി കേള്‍ക്കുന്നത്. കരാറുകാരന്‍ മുഴുവന്‍ തുകയും റോഡ് നിര്‍മാണത്തിന് ഉപയോഗിക്കാതെ കീശയിലാക്കി എന്നാണ് നാട്ടുവര്‍ത്തമാനം. പിന്നീട് പാലം വന്നപ്പോഴും നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. കുറെ കരാറുകാരനും കുറെ ഉദ്യോഗസ്ഥരും തട്ടി. ബാക്കി പാലത്തിന്. സംഗതി ശരിയായിരുന്നു, വര്‍ഷം ഒന്ന് കഴിഞ്ഞപ്പോള്‍ പാലം വീണു. അഴിമതി. കവലയില്‍ പോസ്റ്ററുകള്‍. ചായക്കടയില്‍ ചര്‍ച്ച.
ജനകീയാസൂത്രണം വന്നപ്പോഴാണ് അഴിമതി കണ്ട് ജനം ശരിക്കും ഞെട്ടിയത്. തട്ടിമുട്ടി ജീവിച്ചിരുന്ന പഞ്ചായത്തുകള്‍ പൊടിയും തട്ടി എഴുന്നേറ്റു. പാലവും റോഡും നാട്ടൊട്ടുക്കും. കൃഷിക്കായി നിരവധി പദ്ധതികള്‍. ആടും കോഴിയും നാട്ടാര്‍ക്ക്. ചിക്കന്‍ ചില്ലി നേതാക്കള്‍ക്ക്. വികസനത്തോടൊപ്പം അഴിമതിയും.
താനാണ് കേമന്‍, കെങ്കേമന്‍ എന്ന മട്ടില്‍. ഭരണപക്ഷവും പ്രതിപക്ഷവും കീശയിലാക്കാന്‍ നെട്ടോട്ടം.
പാമോയില്‍. കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരിക, പാചകത്തിന് ഉപയോഗിക്കുന്നത്. പിന്നെ അഴിമതി ഓയില്‍. ഓയില്‍ പുരണ്ട കൈകള്‍ ആരുടേത്? ഇന്നും തീര്‍ന്നിട്ടില്ല, പാവം ഓയിലിന്റെ കഥ.
കാലിത്തീറ്റയും ലാലുവും. ബൊഫോഴ്‌സും ക്വട്‌റോച്ചിയും. പൊരിച്ച കോഴിയും ചപ്പാത്തിയും എന്നു പറയുന്നത് പോലെ. പാവം ശവപ്പെട്ടിയിലുമുണ്ടായി അഴിമതി. എന്ത് ചെയ്യാനാ, നല്ല നല്ല അഴിമതിയെല്ലാം മുമ്പേ ഭരിച്ചവര്‍ കൈയടക്കി. ഇനി ശവപ്പെട്ടിയെങ്കില്‍ ശവപ്പെട്ടി!
മധ്യപ്രദേശിലാണ് അഴിമതി വ്യവസായമായത്. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ആദി രൂപം. ഡോക്ടറാകണോ, വന്നോളൂ, ജോലി വേണോ വന്നോളൂ, കാശ് മതി. നിങ്ങളുടെ നല്ല നാളുകള്‍. ഞങ്ങളുടെ നല്ല നാളുകള്‍!
ഒടുവില്‍ കള്ളി വെളിച്ചത്തായി. പിന്നെയാണ് കാലന്റെ വരവ്. തെളിവുകള്‍ നശിപ്പിക്കാനുള്ള പരക്കംപാച്ചില്‍. നാല്‍പതിലധികമാളുകള്‍ക്കാണ് ഇതുവരെയായി ജീവന്‍ നഷ്ടപ്പെട്ടത്. വ്യാപം എന്ന് പറഞ്ഞാല്‍ മതി, പിറ്റേന്ന് തല കാണില്ല എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. ഇത്രയധികം പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടും കോടതി പറഞ്ഞപ്പോഴാണ് സി ബിഐ അന്വേഷണം തുടങ്ങിയത്. ഒരാള്‍ കൊല്ലപ്പെട്ടാല്‍ തന്നെ സി ബി ഐയെ തേടിപ്പോകുന്ന നാട്ടിലാണ് ഇതൊക്കെ! കലികാലം എന്നല്ലാതെ എന്തു പറയാന്‍?
ലളിത് മോദിയുടെ കാര്യമങ്ങനെ. ലണ്ടനിലിരുന്നാണ് കളി. അയാള്‍ക്കിപ്പോഴും നല്ല നാളുകള്‍ തന്നെ.
നമ്മുടെ മോദിയുടെ കാര്യമിങ്ങനെ. യോഗയും യോഗവും ലോക യാത്രയും. നല്ല നാളുകള്‍.
വ്യാപത്തെ കുറിച്ചോ? ക എന്നുമില്ല, മ എന്നുമില്ല. ഇതൊെക്ക നാട്ടുകാരുടെ യോഗാ..! ഗൗരവാനന്ദന്‍ ട്വീറ്റ് ചെയ്തു.