ഡേവിസ് കപ്പ്: ഇന്ത്യ പ്ലേഓഫില്‍

Posted on: July 20, 2015 10:22 am | Last updated: July 20, 2015 at 10:22 am

357089-yuki-bhambri

ക്രൈസ്റ്റ് ചര്‍ച്ച്: ഏഷ്യ- ഓഷ്യാനിയ ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ (3-2)ന് തകര്‍ത്ത് ഇന്ത്യ ഡേവിസ് കപ്പ് ലോക ഗ്രൂപ്പ് പ്ലേ ഓഫിന് യോഗ്യത നേടി. നിര്‍ണായക റിവേഴ്‌സ് സിംഗിള്‍സില്‍ ഇന്ത്യയുടെ യൂകി ഭാംബ്രി ന്യൂസിലാന്‍ഡിന്റെ മൈക്കല്‍ വീനസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-2, 6-2, 6-3) തകര്‍ത്തതോടെയാണ് ഇന്ത്യ പ്ലേ ഓഫിലെത്തിയത്.
ആദ്യ രണ്ട് സിംഗിള്‍സ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരുടീമുകളും ഓരോ മത്സരം ജയിച്ച് ഒപ്പമെത്തിയെങ്കിലും ഡബിള്‍സ് ജയിച്ച് ന്യൂസിലന്‍ഡ് 2-1ന് മുന്നിലെത്തി. എന്നാല്‍ ആദ്യ റിവേഴ്‌സ് സിംഗിള്‍സില്‍ സോംദേവ് ദേവ് വര്‍മന്‍, മാര്‍ക്കസ് ഡാനിയേലിനെ (6-4, 6-4, 6-4) നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ചതോടെ ഇന്ത്യ ഒപ്പമെത്തി. തുടര്‍ന്ന് റിവേഴ്‌സ് സിംഗിള്‍സില്‍ ഭാംബ്രിയിലൂടെ ഇന്ത്യ അവിസ്മരണീയ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബോപ്പണ്ണ- സാകേത് മൈനെ സഖ്യത്തെ നേരിട്ടുള്ള സെറ്റുകളില്‍ മാര്‍കസ് ഡാനിയേല്‍ – ആര്‍ടെ സിടാക് സഖ്യമാണ് അട്ടിമറിച്ചത്.
ആദ്യ സിംഗിള്‍സില്‍ ലോക റാങ്കിംഗില്‍ 548ാം സ്ഥാനത്തുള്ള മിച്ചല്‍ വീനസ് സോംദേവിനെ 6-4, 6-4, 6-3, 6-3, 6-1ന് അട്ടിമറിച്ചിരുന്നു.
രണ്ടാം സിംഗിള്‍സില്‍ യുകി ഭാംബ്രി ന്യൂസിലാന്‍ഡിന്റെ ജോസ് സ്റ്റാതമിനെ 6-2, 6-1, 6-3 ന് കീഴടക്കി.
ആദ്യ റൗണ്ടില്‍ ചണ്ഡീഗഢില്‍ ഇന്ത്യ 5-0ന് ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. സെപ്തംബറിലാണ് ലോക ഗ്രൂപ്പ് പ്ലേ ഓഫ് ആരംഭിക്കുന്നത്.