ദുബൈക്ക് കണ്ടുപിടുത്തത്തിന്റേതായ സംസ്‌കാരം ആവശ്യം: ശൈഖ് ഹംദാന്‍

Posted on: July 17, 2015 5:15 pm | Last updated: July 17, 2015 at 5:15 pm

AR-307159827ദുബൈ: ദുബൈക്കും രാജ്യത്തിനും കണ്ടുപിടുത്തത്തിന്റേതായ ഒരു സംസ്‌കാരം ആവശ്യമാണെന്ന് ദുബൈ കിരീടാവകാശിയും എക്‌സിക്യട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അഭിപ്രായപ്പെട്ടു.
ദുബൈയിലെ സ്ഥാപനങ്ങള്‍ അത്തരം ഒരു സംസ്‌കാരം ഉണ്ടാക്കിയെടുക്കാന്‍ പ്രയത്‌നിക്കണം. കണ്ടുപിടുത്തങ്ങള്‍ക്കും പര്യവേഷണങ്ങള്‍ക്കുമെല്ലാം മുതിരുന്നവര്‍ക്ക് ആവശ്യമായ സകല സഹായങ്ങളും ദുബൈ സര്‍ക്കാര്‍ നല്‍കും. പ്രമുഖ മാധ്യമ സ്ഥാപനമായ തോംസണ്‍ റോയിട്ടേഴ്‌സിന്റെ ഇന്നവേഷന്‍ ലബോറട്ടറി ഉദ്ഘാടനം ചെയ്യുകയായിരുന്നു ശൈഖ് ഹംദാന്‍. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ വീക്ഷണത്തിന്റെ ഭാഗമായി ശാസ്ത്ര പ്രതിഭകള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കുമെല്ലാം പ്രോത്സാഹനം നല്‍കുന്ന നഗരമായാണ് ദുബൈ നിലനില്‍ക്കുന്നത്.
ദുബൈയെ ലോകത്തിലെ ഏറ്റവും സ്മാര്‍ടായ നഗരമായി മാറ്റാനാണ് ശൈഖ് മുഹമ്മദ് ലക്ഷ്യമിടുന്നതെന്നും ശൈഖ് ഹംദാന്‍ ഓര്‍മിപ്പിച്ചു.
ദുബൈയുടെയും രാജ്യത്തിന്റെയും പുരോഗതിക്കും അഭിവൃദ്ധിക്കും നൂതനമായ കണ്ടുപിടുത്തങ്ങള്‍ കൂടിയേ തീരൂ. അതിന് ആവശ്യമായ സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കാന്‍ ശ്രമിക്കുന്നത്. ദുബൈയെ കണ്ടുപിടുത്തങ്ങളുടെ സിരാ കേന്ദ്രമായി മാറ്റിയെടുക്കാനാണ് ശൈഖ് മുഹമ്മദിന്റെ ദീര്‍ഘ വീക്ഷണമുള്ള നേതൃത്വത്തിന് കീഴില്‍ പരിശ്രമിക്കുന്നത്. അടുത്തിടെയായി വിവിധ മേഖലകളില്‍ ദുബൈ അസൂയാവഹമായ പുരോഗതിയാണ് ആര്‍ജിച്ചിരിക്കുന്നത്. സര്‍വമേഖലയിലും വികസനം ഉറപ്പാക്കുന്നതിന് അനുയോജ്യമായ പദ്ധതികളാണ് യു എ ഇ ദേശീയ തലത്തില്‍ നടപ്പാക്കുന്നത്. ഈ ലക്ഷ്യത്തിന് ഉതകുന്ന തന്ത്രങ്ങളാണ് യു എ ഇ അവിഷ്‌കരിച്ചിരിക്കുന്നത്. ബിസിനസില്‍ ഉള്‍പെടെ സകല രംഗങ്ങളിലും ഒന്നാമതാവാനാണ് ദുബൈ കുതിച്ചുകൊണ്ടിരിക്കുന്നത്.
പ്രാദേശികവും രാജ്യാന്തരവുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി ഈ ലക്ഷ്യത്തിനായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ദുബൈ തയാറാണ്. കണ്ടുപിടുത്തങ്ങളുടെ ലോകത്ത് ഏറ്റവും ആധുനികമായവ ദുബൈയില്‍ പ്രാവര്‍ത്തികമാക്കാനാണ് പ്രയത്‌നിക്കുന്നത്.
തോംസണ്‍ റോയിട്ടറുമായി സഹകരിക്കാന്‍ സാധിക്കുന്നതില്‍ ദുബൈ അദിവസിക്കുന്നു. പുതിയ കാര്യങ്ങള്‍ ആര്‍ജിക്കാന്‍ ഇത്തരം സഹകരണം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു. ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി, തോംസണ്‍ റോയിട്ടേഴ്‌സ് മിന മേഖല ജനറല്‍ മാനേജര്‍ നദീം നജ്ജാര്‍ പങ്കെടുത്തു.