Connect with us

Gulf

യു എ ഇ യമനില്‍ വിതരണം ചെയ്തത് 9.38 കോടിയുടെ സഹായം

Published

|

Last Updated

അബുദാബി: ആഭ്യന്തര സംഘര്‍ഷം അയവില്ലാതെ തുടരുന്ന യമനില്‍ യു എ ഇ വിതരണം ചെയ്തത് 9.38 കോടി ദിര്‍ഹത്തിന്റെ സഹായം. റമസാനിലും ഈദ് കാലത്തുമായാണ് ഇത്രയും വലിയ തുകയുടെ ജീവകാരുണ്യ പ്രവര്‍ത്തനം യു എ ഇ നടത്തുന്നത്. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ അറബ് ജനത ഏകോതര സഹോദരന്മാരാണെന്ന മഹത്തായ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ദുരിതം അനുഭവിക്കുന്ന യമനി ജനതക്ക് സഹായം എത്തിക്കുന്നതെന്ന് യു എ ഇ രാജ്യാന്തര സഹകരണത്തിനും വികസനത്തിനുമുള്ള മന്ത്രിയായ ശൈഖ ലുബ്‌ന അല്‍ ഖാസിമി വ്യക്തമാക്കി.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ നേരിട്ടാണ് ശൈഖ് ലുബ്‌നക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.
യമനിലെ സര്‍ക്കാറിനെതിരെ ഇറാന്‍ പിന്തുണയുള്ള ഹൂത്തി വിമതരാണ് ആഭ്യന്തര കലാപത്തിന് നേതൃത്വം നല്‍കുന്നത്. ഹൂത്തികള്‍ക്കെതിരെ സഊദിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന സൈനിക നടപടിയില്‍ യു എ ഇയും പങ്കാളികളാണ്.
എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ സഹായത്തോടെയാണ് ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പെടെയുള്ളവ യു എ ഇ യമനില്‍ എത്തിക്കുന്നത്. യമനില്‍ യു എ ഇ നല്‍കുന്ന സഹായങ്ങള്‍ വിതരണം ചെയ്യുന്നതില്‍ റെഡ് ക്രസന്റിനൊപ്പം ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഫൗണ്ടേഷന്‍,
മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ചാരിറ്റി ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ എസ്റ്റാബ്ലിഷ്‌മെന്റ്, സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ചാരിറ്റബിള്‍ ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍, യു എ ഇ വാട്ടര്‍ എയ്ഡ് ഫൗണ്ടേഷന്‍, ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്‍ നഹ്‌യാന്‍ ഹ്യുമാനിറ്റേറിയന്‍ ആന്‍ഡ് സയിന്റിഫിക് ഫൗണ്ടേഷന്‍, ഷാര്‍ജ ചാരിറ്റി ഹൗസ്, അല്‍ റഹ്മ ചാരിറ്റി അസോസിയേഷന്‍, ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷനല്‍ എന്നിവയും പങ്കാളികളാവുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് ശൈഖ ലുബ്‌നയുടെ നേതൃത്വത്തിലാണ്.

Latest