മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സൈന്യം ഏഴ് തീവ്രവാദികളെ വധിച്ചു

Posted on: July 17, 2015 12:13 pm | Last updated: July 19, 2015 at 9:26 am

manipur-soldiers-650_650x400_41433518625
കൊഹിമ: മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ഏഴ് തീവ്രവാദികളെ വധിച്ചു. നിരോധിത സംഘടനയായ നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. ആക്രമണത്തിനിടെ രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. നാഗാലാന്‍ഡിലെ ഫെക്ക് ജില്ലയിലെ അവാന്‍ഖുവില്‍ ബുധനാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. പെട്രോളിങ്ങ് നടത്തുകയായിരുന്ന ഇന്ത്യന്‍ സൈന്യത്തിന് നേരെ എന്‍ എസ് സി എന്‍ കെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. 12 കമാന്‍ഡോകളും 46 അസം റൈഫിള്‍സ് വിഭാഗവും ചേര്‍ന്ന സംയുക്ത ഓപ്പറേഷന്‍ ഒരു മണിക്കൂറോളം നീണ്ടു. ഒരു സൈനിക ഉദ്യോഗസ്ഥന് ആക്രമണത്തിനിടെ കാലില്‍ വെടിയേറ്റു. എന്‍ എസ് സി എന്‍ കെയുമായി സഹകരിക്കാത്ത മേഖലയിലെ ജനങ്ങളെ സംഘടനയിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. എന്‍ എസ് സി എന്‍ കെയ്ക്ക് ഇതുവരെ ജനങ്ങളുടെ പിന്തുണയാര്‍ജ്ജിക്കാനായിട്ടില്ല.
മാര്‍ച്ചിലാണ് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആദ്യ തീവ്രവാദ ആക്രമണമുണ്ടായത്. ജൂണില്‍ മണിപ്പൂരില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ആക്രമത്തില്‍ 18 ജവാന്‍മാരും 11 സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.