കെ എസ് ഇ ബി വളാഞ്ചേരി സെക്ഷന്‍ ഓഫീസ് വിഭജനം വൈകുന്നു

Posted on: July 17, 2015 8:48 am | Last updated: July 17, 2015 at 8:49 am

വളാഞ്ചേരി: കെ എസ് ഇ ബി വളാഞ്ചേരി സെക്ഷന്‍ ഓഫീസ് വിഭജനം വൈകുന്നു. വിവിധ ഓഫീസുകളിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരത്തെ വൈദ്യുതഭവനില്‍ ഫയല്‍ വിശ്രമിക്കാന്‍ തുടങ്ങിയിട്ട് മാസം ഏഴ് കഴിഞ്ഞു.
സ്ഥലം എം എല്‍ എ അടക്കമുള്ളവരുടെ ഇടപെടല്‍ ഇല്ലാത്തതാണ് സെക്ഷന്‍ ഓഫീസ് വിഭജനം വൈകാന്‍ കാരണം. വളാഞ്ചേരി സെക്ഷന്‍ ഓഫീസ് വിഭജിച്ച് ഇരിമ്പിളിയം പഞ്ചായത്തിലെ വലിയകുന്നില്‍ സെക്ഷന്‍ ഓഫീസ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടു പഴക്കമുണ്ട്.
നിലവില്‍ ഇരുപത്തയ്യായിരത്തോളം ഉപഭോക്താക്കളാണ് വളാഞ്ചേരി സെക്ഷന്‍ ഓഫീസിന് കീഴിലുള്ളത്. ഇരിമ്പിളിയം, വളാഞ്ചേരി പഞ്ചായത്തുകളും എടയൂര്‍, കുറ്റിപ്പുറം പഞ്ചായത്തുകളുടെ ഒരു ഭാഗവും ഉള്‍പ്പെടെ 70 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുണ്ട്. ഇത് തൊട്ടടുത്തസെക്ഷന്‍ ഓഫീസുകളുടെ പരിധിയുടെ ഇരട്ടിയിലധികമാണ്. സ്റ്റാഫുകളുടെ എണ്ണം ഇതിനനുസരിച്ച് വര്‍ധിച്ചിട്ടുമില്ല. എന്ന് മാത്രമല്ല ആവശ്യമായ സ്റ്റാഫുകള്‍ പോലും ഇവിടെയില്ല.
12 ലൈന്‍മാന്‍മാര്‍ വേണ്ടിടത്ത് എട്ടുപേര്‍ മാത്രമാണുള്ളത്. ആറ് വര്‍ക്കര്‍മാര്‍ വേണ്ടിടത്ത് അഞ്ചും ആറ് ഓവര്‍സിയര്‍മാരുടെ സ്ഥാനത്ത് നാല് പേരുമാണുള്ളത്. സ്റ്റാഫുകളുടെ കുറവ് സെക്ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുകയാണ്.
കഴിഞ്ഞ മാസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പലസ്ഥലങ്ങളിലും മരങ്ങള്‍ വീണ് നിരവധി ഇലക്ട്രിക്ക് പോസ്റ്റുകളും കമ്പികളും തകര്‍ന്നിരുന്നു. ഇവ നന്നാക്കാന്‍ തൊഴിലാളികള്‍ ദിവസങ്ങളോളം കഷ്ടപ്പെടേണ്ടിവന്നു.
ഇരിമ്പിളിയത്ത് മൂന്ന് ദിവസം വൈദ്യുതി മുടങ്ങിയതിനാല്‍ നാട്ടുകാര്‍ സെക്ഷന്‍ ഓഫീസ് ഉപരോധം അടക്കമുള്ള സമരങ്ങള്‍ നടത്തിയിരുന്നു. വലിയകുന്ന് കേന്ദ്രമായി സെക്ഷന്‍ ഓഫീസ് വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാന്‍ ബോര്‍ഡിന് കഴിയും. എന്നാല്‍ കഴിഞ്ഞ ഏഴ് മാസമായി തിരുവനന്തപുരത്തെ മെമ്പര്‍ ഓഫീസില്‍ ഇതുസംബന്ധിച്ച ഫയല്‍ വിശ്രമിക്കുകയാണ്.
സെക്ഷന്‍, ഡിവിഷന്‍, സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും പേപ്പര്‍ ജോലികള്‍ തീര്‍ത്ത് ഫയല്‍ വൈദ്യുതഭവനില്‍ എത്തിയെങ്കിലും നടപടിക്രമങ്ങള്‍ മുന്നോട്ടുനീക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. സ്ഥലം എം എല്‍ എയുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായാല്‍ മാത്രമേ ഏഴു മാസമായി വിശ്രമംകൊള്ളുന്ന ഫയലിന് അനക്കമുണ്ടാകൂ.