Connect with us

Kerala

മരങ്ങാട്ടുപിള്ളി കസ്റ്റഡി മരണം: പോലീസിന്റേത് കെട്ടുകഥയെന്ന് ജസ്റ്റിസ് നാരായണകുറുപ്പ്

Published

|

Last Updated

കോട്ടയം: പോലീസ് കസ്റ്റഡിയിലായിരുന്ന, മരങ്ങാട്ടുപിള്ളി പാറയ്ക്കല്‍ സിബി(40)മരിച്ച കേസില്‍ പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പോലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാനായ ജസ്റ്റിസ് നാരായണകുറുപ്പ്. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്ന 16കാരന്‍ നിരപരാധിയാണെന്ന് നാരനായണകുറുപ്പ് പറഞ്ഞു. കേസില്‍ ഉള്‍പെട്ട 16കാരനും സിബിയും തമ്മില്‍ മല്‍പിടിത്തമുണ്ടായിട്ടില്ല. കുട്ടി സിബിയെ തള്ളിയിട്ടില്ല. സിബി കുട്ടിയെ തിരിച്ചും ആക്രമിച്ചിട്ടില്ല. കേസിലെ പോലീസിന്റെ നടപടികളെല്ലാം സംശയകരമാണ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും സംശയമുണ്ട്. നാരായണകുറുപ്പ് പറഞ്ഞു. 16കാരന്‍ ഇഷ്ടിക കൊണ്ട് സിബിയെ ആക്രമിച്ചെന്നത് കുട്ടിയെ കൊണ്ട് നിര്‍ബന്ധിച്ച് പറയിച്ചതാണെന്നും നാരായണകുറുപ്പ് വ്യക്തമാക്കി. ഇഷ്ടിക കൊണ്ടുള്ള അടിയാകാം മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

ജൂണ്‍ 29ന് രാത്രിയിലാണ് മരങ്ങാട്ടുപിള്ളി എസ് ഐ. കെ എ ജോര്‍ജുകുട്ടിയുടെ നേതൃത്വത്തില്‍ സിബിയെ കസ്റ്റഡിയിലെടുത്തത്. പൊതുസ്ഥലത്ത് മദ്യപിച്ചതിനും അടിപിടിയുണ്ടാക്കിയതിനുമായിരുന്നു ഇതെന്നാണ് പോലീസ് പറഞ്ഞിരുന്നത്. സിബിക്ക് മാരകമായ പരിക്കേറ്റത് ഈ അടിപിടിയിലാണെന്നും പോലീസ് പറഞ്ഞിരുന്നു. ഒരാളെ കസ്റ്റഡിയിലെടുത്താല്‍ ദേഹപരിശോധന നടത്തണമെന്നുണ്ട്. പരിക്കുകളോ അവശതയോ ഉണ്ടെങ്കില്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സനല്‍കണമായിരുന്നു. സിബിയുടെ കാര്യത്തില്‍ ഇതുണ്ടാകാത്തത് പോലീസിന്റെ വാദങ്ങള്‍ ദുര്‍ബലമാക്കിയിരുന്നു.

Latest