കാണാതായ പെണ്‍കുട്ടിയെ ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസില്‍ കണ്ടെത്തി

Posted on: July 15, 2015 9:24 am | Last updated: July 15, 2015 at 9:24 am
SHARE

പാലക്കാട്: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി. സംഭവം അറിഞ്ഞയുടന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച പോലീസ് കുട്ടിയെ ട്രെയിനില്‍ കണ്ടെത്തി. ഇന്നലെ രാവിലെ മങ്കര പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ മങ്കര പോലീസില്‍ ഫോട്ടോയുമായെത്തി വിവരം നല്‍കി. എസ്.ഐ എന്‍.കെ. പ്രകാശ് ഉടനടി പെണ്‍കുട്ടിയുടെ ഫോട്ടോ പോലീസ് സ്‌റ്റേഷനുകളിലേക്കും ആര്‍ പി എഫിനും വാട്ട്‌സ് അപ്പ് വഴി അയച്ചു. വിവരങ്ങളും കൈമാറി. ഇതോടെ ആര്‍ പി എഫ് കമാണ്ടന്റ് സി രാമദാസിന്റെ നിര്‍ദേശപ്രകാരം ട്രെയിനുകളില്‍ പരിശോധന ആരംഭിച്ചു.
ഉച്ചക്ക് രണ്ടുമണിയോടെ ആര്‍.പി.എഫ് എസ് ഐ ക്ലാരിവത്സ, എ എസ് എ എം കെ ഉണ്ണികൃഷ്ണന്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ സജി അഗസ്റ്റിന്‍ എന്നിവരടങ്ങിയ സംഘം കുട്ടിയെ മംഗലാപുരം-ചെന്നൈ എഗ്മൂര്‍ ലിങ്ക് എക്‌സ്പ്രസില്‍ കണ്ടെത്തി. ഒറ്റപ്പാലത്തുനിന്നും തൃശ്ശിനാപ്പള്ളിയിലേക്കുള്ള ടിക്കറ്റെടുത്ത് വണ്ടിയുടെ മുന്നിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റിലാണ് പെണ്‍കുട്ടി കയറിയിരുന്നത്.
ഇതിനിടെ മുഴുവന്‍ പോലീസ് സംവിധാനങ്ങളും പരിശോധനകളുമായി രംഗത്തെത്തിയിരുന്നു. സ്‌കൂളിലേക്ക് പോകാതെ പെണ്‍കുട്ടി ബസില്‍ കയറി ഒറ്റപ്പാലത്തെത്തിയാണ് ട്രെയിനില്‍ കയറിയതെന്ന് പോലീസ് പറഞ്ഞു.