യൂനിവേഴ്‌സിറ്റി അധികൃതര്‍ മലയാളിയെ അപമാനിച്ചതായി പരാതി

Posted on: July 15, 2015 9:20 am | Last updated: July 15, 2015 at 9:20 am
SHARE

കോയമ്പത്തൂര്‍:പിഎച്ച് ഡി ക്ക് ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷനല്‍കി വൈവയ്ക്ക് ക്ഷണിച്ച് അധികൃതര്‍ അപമാനിച്ചതായിക്കാണിച്ച് കോയമ്പത്തൂര്‍ കലക്ടര്‍ അര്‍ച്ചനപട്‌നായിക്കിന് യുവതി പരാതിനല്‍കി. പാലക്കാട് സ്വദേശി എല്‍സമ്മയാണ് പരാതി നല്‍കിയത്.— 2009ല്‍ പി എച്ച ഡി ക്ക് അപേക്ഷ നല്‍കിയതാണ്. തുടര്‍ന്ന്, 2015 ഫിബ്രവരി 16ന് വൈവയ്ക്ക് ഹാജരാകാന്‍ യൂണിവേഴ്‌സിറ്റിയുടെ അറിയിപ്പുവന്നു. അടുത്തദിവസംതന്നെ തെറ്റുപറ്റിയാണ് അത്തരമൊരറിയിപ്പ് അയച്ചതെന്ന കത്തും വന്നു. ഇതേത്തുടര്‍ന്ന് നേരിട്ട് അന്വേഷണത്തിന് യൂണിവേഴ്‌സിറ്റിയില്‍ ചെന്നപ്പോള്‍ വീണ്ടും വൈവയ്ക്ക് ക്ഷണിക്കുമെന്നും വകുപ്പുതലവനും മറ്റുമായി ആറുലക്ഷംരൂപ നല്‍കേണ്ടിവരുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞതായി എല്‍സമ്മയുടെ പരാതിയില്‍ പറയുന്നു.—
കലക്ടറുടെ പരാതിപരിഹാരദിനമായ തിങ്കളാഴ്ച കളക്ടറേറ്റില്‍ നേരില്‍വന്നാണ് എല്‍സമ്മ പരാതിനല്‍കിയത്.
ആദ്യം വൈസ് ചാന്‍സലറെ കണ്ടിരുന്നെന്നും അതില്‍ പരിഹാരമുണ്ടായില്ലെന്നും പരാതിയിലുണ്ട്. യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെന്നും പരാതിക്കാരി കളക്ടറോട് പറഞ്ഞു. കളക്ടര്‍ ബന്ധപ്പെട്ടവരോട് പരാതി അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു.