Connect with us

Malappuram

നിലമ്പൂര്‍ സമ്പൂര്‍ണ ജൈവ പച്ചക്കറി കൃഷിയിലേക്ക്

Published

|

Last Updated

നിലമ്പൂരില്‍ നടന്ന കര്‍ഷക ക്ലസ്റ്റര്‍ രൂപവത്കരണ യോഗം
ചെയര്‍മാന്‍ ആര്യടാന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു



നിലമ്പൂര്‍: രാസവളങ്ങളും കീടനാശിനികളും പ്രയോഗിച്ച് വിഷമയമായ അന്യ സംസ്ഥാന പച്ചക്കറികള്‍ ഉപേക്ഷിച്ച് നിലമ്പൂര്‍ നഗരസഭ സമ്പൂര്‍ണ ജൈവ പച്ചക്കറി കൃഷിയിലേക്ക് ചുവടുവെക്കുന്നു. നിലമ്പൂര്‍ നഗരസഭയുടെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് എ ഗ്രൂപ്പ് കര്‍ഷക ക്ലസ്റ്റര്‍ രൂപവത്കരിച്ച് ജൈവ കൃഷിയിലേക്ക് ഇറങ്ങുന്നത്.
നഗരസഭയിലെ 200 പച്ചക്കറി കര്‍ഷകര്‍ ഉള്‍ക്കൊള്ളുന്ന ക്ലസ്റ്റര്‍ രൂപവത്കരണവും പച്ചക്കറി കൃഷി പരിശീലന ക്ലാസ് നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഷപച്ചക്കറി കഴിച്ചു മാരകരോഗങ്ങള്‍ വിലകൊടുത്തു വാങ്ങുന്നതിന് അറുതിവരുത്താനും വിഷമുക്ത പച്ചക്കറിയിലൂടെ ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താനുമാണ് നഗരസഭ സമ്പൂര്‍ണ ജൈവപച്ചക്കറി കൃഷിയിലേക്കു മാറുന്നതെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.
പദ്ധതിക്കായി കൃഷിവകുപ്പ് ആറര ലക്ഷം രൂപയും നഗരസഭ രണ്ടു ലക്ഷം രൂപയുമാണ് പ്രാഥമികമായി നീക്കിവെച്ചിട്ടുള്ളത്. ആവശ്യമായി വരുന്ന തുക നഗരസഭ പിന്നീട് അനുവദിക്കും. നഗരസഭയിലെ തരിശായികിടക്കുന്ന പാടങ്ങള്‍ പാട്ടത്തിനെടുത്ത് കര്‍ഷക ക്ലസ്റ്റര്‍ പച്ചക്കറി കൃഷി ഇറക്കും. വിത്തും വളവും കൃഷി പരിശീലനവും കൃഷിവകുപ്പും നഗരസഭയും സൗജന്യമായി നല്‍കും. കൃഷി ചെയ്‌തെടുക്കുന്ന പച്ചക്കറികള്‍ വില്‍പന നടത്താനുള്ള സ്ഥിരം വിപണിയും ഒരുക്കും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുമായി സഹകരിച്ച് അടുക്കളത്തോട്ടങ്ങളും മട്ടുപ്പാവ് പച്ചക്കറി കൃഷിയും പ്രോത്സാഹിപ്പിക്കും.
കര്‍ഷകരായ കെ സുബ്രഹ്മണ്യന്‍ പ്രസിഡന്റും കെ പി സുബ്രഹ്മണ്യന്‍ സെക്രട്ടറിയുമായാണ് 13 അംഗ പച്ചക്കറി കൃഷി ക്ലസ്റ്ററിന് രൂപം നല്‍കിയത്. പച്ചക്കറി കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള നഗരസഭയിലെ എല്ലാവര്‍ക്കും ക്ലസ്റ്ററില്‍ അംഗമാകാം. ക്ലസ്റ്റര്‍ രൂപവത്കരണ യോഗത്തില്‍ നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് ദേവശേരി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ മുംതാസ്ബാബു, കൗണ്‍സിലര്‍മാരായ രഞ്ജിനി, ശോഭന പള്ളിയാളി, കൃഷി ഓഫീസര്‍ ഷക്കീല, കൃഷി അസിസ്റ്റന്റ് ഷബീറലി സംസാരിച്ചു.

Latest