അനധികൃത സ്വത്ത് സമ്പാദനം: ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ്

Posted on: July 15, 2015 6:00 am | Last updated: July 15, 2015 at 1:50 am

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിന് രണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളും ഓഫീസും വിജിലന്‍സ് റെയ്ഡ് ചെയ്തു. ഫാക്ടറീസ് ആന്‍ഡ് ബെയ്‌ലേഴ്‌സ് മുന്‍ ഡയറക്ടര്‍ കെ ശശി, മാലിപ്പുറം കെ എസ് ഇ ബി സബ് ഡിവിഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സിബി തോമസ് എന്നിവര്‍ക്കെതിരെ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ കേസെടുത്തു. കെ ശശിയുടെ പാലക്കാട്ടെയും തൃശൂരിലെയും വീടുകളിലും സിബി തോമസിന്റെ കളമശ്ശേരി ലൂയിസ് ഗാര്‍ഡനിലെ വീട്ടിലും ഓഫീസിലുമാണ് എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ റെയ്ഡ് നടത്തിയത്. പ്രാഥമികാന്വേഷണത്തില്‍ കെ ശശിക്ക് 53.26 ലക്ഷം രൂപയുടെയും സിബി തോമസിന് 64 ലക്ഷം രൂപയുടെയും അനധികൃത സമ്പാദ്യമുണ്ടെന്ന് കണ്ടെത്തിയ വിജിലന്‍സ് വിജിലന്‍സ് ഡയറക്ടറുടെ അനുമതി തേടിയ ശേഷമാണ് രണ്ട് പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ അനുമതിയോടെയാണ് ചൊവ്വാഴ്ച റെയ്ഡ് നടത്തിയത്. കെ ശശിയുടെ പാലക്കാട്ടെ വീട്ടില്‍ നിന്ന് 1,72,000 രൂപയും സാമ്പത്തിക ഇടപാടുകളുടേതുള്‍പ്പെടെ നിരവധി രേഖകളും പിടിച്ചെടുത്തു.
സിബി തോമസിനെതിരെ വിജിലന്‍സിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് എറണാകുളം സ്‌പെഷ്യല്‍ സെല്‍ എസ് പി. കെ എം ടോമിയുടെ നേതൃത്വത്തില്‍ രഹസ്യാന്വേഷണം നടത്തിയത്. ഇയാള്‍ 64 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. സിബി തോമസ് അടുത്തിടെ നിര്‍മിച്ച 3300 ചതുരശ്രയടി വിസ്തീര്‍ണമുള്ള ആഡംബര വീടിന് 60 ലക്ഷത്തിലധികം രൂപ ചെലവായിട്ടുണ്ടെന്ന് വിജിലന്‍സ് വ്യക്തമാക്കി. ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡില്‍ അനധികൃത സ്വത്ത് സമ്പാദനം ശരിവയ്ക്കുന്ന രേഖകളും കണ്ടെടുത്തിട്ടുണ്ടെന്ന് വിജിലന്‍സ് അറിയിച്ചു. സ്‌പെഷ്യല്‍ സെല്‍ സിഐമാരായ ബെന്നി ജേക്കബ്, എന്‍ ആര്‍ ജയരാജ് എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടിടത്തും പരിശോധന നടത്തിയത്.