സര്‍ക്കാറിന്റെ അനുമതിപത്രം അദാനി കൈപ്പറ്റി വിഴിഞ്ഞം: നിര്‍മാണം നവംബര്‍ ഒന്നിന് തുടങ്ങും

Posted on: July 15, 2015 6:00 am | Last updated: July 15, 2015 at 1:43 am

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം കേരളപ്പിറവി ദിനത്തില്‍ തുടങ്ങുമെന്ന് തുറമുഖമന്ത്രി കെ ബാബു. ടെന്‍ഡര്‍ അദാനി പോര്‍ട്‌സിന് നല്‍കിക്കൊണ്ടുള്ള സര്‍ക്കാറിന്റെ അനുമതി പത്രം കമ്പനി അധികൃതര്‍ കൈപ്പറ്റി സമ്മതം അറിയിച്ചതായും മന്ത്രി പറഞ്ഞു.
നിയമസഭയില്‍ ചട്ടം 300 അനുസരിച്ചുള്ള പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തിങ്കളാഴ്ചയാണ് അനുമതിപത്രം അദാനി പോര്‍ട്‌സിന് നല്‍കിയതും ഇത് സംബന്ധിച്ച ഉത്തരവിറക്കിയതും. പദ്ധതിക്ക് വേണ്ടി രൂപവത്കരിക്കുന്ന വിവിധോദ്ദേശ്യ സംവിധാനവും കമ്പനി അധികൃതരും തമ്മില്‍ ഒരു മാസത്തിനുള്ളില്‍ കരാര്‍ ഒപ്പിടും.
കഴിഞ്ഞ മെയ് ഏഴിനാണ് അദാനിയുടെ ബിഡ് സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേര്‍ഡ് കമ്മിറ്റി ശിപാര്‍ശ ചെയ്തത്. 20ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അദാനി ഗ്രൂപ്പിന് ടെന്‍ഡര്‍ നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍വകക്ഷിയോഗം വിളിച്ച് ചര്‍ച്ച ചെയ്ത ശേഷം നല്‍കാനായിരുന്നു ധാരണ.
ഇതേ തുടര്‍ന്ന് ജൂണ്‍ മൂന്നിന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ നേതാക്കളുടെ സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കിയ മുഖ്യമന്ത്രി, സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിച്ച് മാത്രമേ പദ്ധതി നടപ്പാക്കൂ എന്ന് ഉറപ്പ് നല്‍കിയിരുന്നു.
ജൂണ്‍ 10 ന് ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. 2013 ഡിസംബര്‍ നാലിനാണ് ആഗോള ടെന്‍ഡര്‍ വിളിച്ചത്. 2015 ലാണ് അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ എക്കണോമിക്ക് സോണ്‍ ബിഡ് നല്‍കിയത്
1991 ലാണ് വിഴിഞ്ഞം പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 95ലും 2005 ലും 2007ലും ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. ഇതിനെ തുടര്‍ന്ന് 2010ല്‍ മുന്‍സര്‍ക്കാറിന്റെ കാലത്ത് വെല്‍സ്പണ്‍ കമ്പനി ടെന്‍ഡടുടെത്തെങ്കിലും പദ്ധതിച്ചെലവായ 970 കോടിയില്‍ 479 കോടി സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ടു. ഇതോടെ ടെന്‍ഡര്‍ കമ്പനിക്ക് നല്‍കിയില്ല.
തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് കേന്ദ്രത്തില്‍ നിന്നും പ്രയോഗവത്കരണ കമ്മിനിധി(വി ജി എഫ്) ലഭിച്ചു. മൊത്തം പദ്ധതിച്ചെലവായ 4098 കോടിയില്‍ 1635 കോടി രൂപ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
പദ്ധതിക്കാവശ്യമായ 230 ഏക്കര്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്തു. കുടിയൊഴിപ്പിക്കപ്പെട്ട 90 കുടുംബങ്ങളേയും മികച്ച രീതിയില്‍ പുനരധിവസിപ്പിച്ചു. പ്രദേശത്തേക്ക് കുടിവെള്ളം, വൈദ്യുതി എന്നിവ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ബാക്കി ഭൂമി ഉടന്‍ തന്നെ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.