Connect with us

Kerala

പിസി ജോര്‍ജിനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കാന്‍ ഉപസമിതി റിപ്പോര്‍ട്ട്‌

Published

|

Last Updated

കോട്ടയം: പി സി ജോര്‍ജിനെ എം എല്‍ എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ് (എം) തീരുമാനം. മന്ത്രി കെ എം മാണിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് ഹരജി നല്‍കും. ഇതിനായി സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനെ ചുമതലപ്പെടുത്തി. ജോര്‍ജിനെ എം എല്‍ എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കാന്‍തക്ക അച്ചടക്കലംഘനം നടത്തിയിട്ടുണ്ടെന്ന് കേരള കോണ്‍ഗ്രസ് (എം) ഉപസമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം. തോമസ് ഉണ്ണിയാടന്‍ ചെയര്‍മാനായ ഉപസമിതിയില്‍ ജോയി എബ്രഹാം എം പി, ആന്റണി രാജു എന്നിവരാണ് മറ്റ് അംഗങ്ങള്‍.
സെക്യുലര്‍ പാര്‍ട്ടി രൂപവത്കരിച്ചു, അരുവിക്കര തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം ഉള്ളവരെയും ഇല്ലാത്തവരെയും ചേര്‍ത്ത് പാര്‍ട്ടിയുണ്ടാക്കി മുന്നണി സ്ഥാനര്‍ഥിക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തി മല്‍സരിപ്പിച്ചുവെന്നത് മാത്രമല്ല പാര്‍ട്ടിയുടെയും മുന്നണിയുടെയും നേതാക്കള്‍ക്കെതിരെ ആരോപണങ്ങളും പ്രസംഗങ്ങളും നടത്തിയതിനുള്ള തെളിവുകളും ഉപസമിതി സ്വീകരിച്ചിട്ടുണ്ടായിരുന്നു. തന്റെ സ്ഥാനാര്‍ഥി തോറ്റതിന്റെ വിശദീകരണം നടത്തിയെന്നും ഇതില്‍ പി സി ജോര്‍ജ് തന്റെ സ്ഥാനാര്‍ഥിയെ വ്യക്തമായി പറയുന്നുണ്ടെന്നുമാണ് ഉപസമിതിയുടെ കണ്ടെത്തല്‍.