വി ഐ പി യാചകര്‍

    Posted on: July 14, 2015 12:38 am | Last updated: July 14, 2015 at 12:38 am

    ramadan emblom- newറഫീഖ് കച്ചവടത്തിരക്കിലാണ്. അഞ്ചാറ് മാന്യന്മാര്‍ പൊട്ടിച്ചിരിയോടെ കടയിലേക്കു നടന്നു വരുന്നു. മുന്നില്‍ നിന്ന് നയിക്കുന്നത് ഒരു കൂസാന്‍ താടിക്കാരനാണ്. ‘കച്ചവടമൊക്കെ റാഹത്തല്ലെ, വീട്ടിലെല്ലാവര്‍ക്കും സുഖമല്ലേ….’ സംസാരം തുടങ്ങിയപ്പോള്‍ തന്നെ റഫീഖിനു മനസ്സിലായി ഇത് എന്തോ ഒന്നിന്റെ ആമുഖമാണ്. റഫീഖ് പറഞ്ഞു. ‘അല്‍പ്പം തിരക്കുണ്ട് എന്താ വന്ന കാര്യം പറഞ്ഞോളൂ…’
    താടിക്കാരന്‍ തന്നെ തുടങ്ങി. നമ്മുടെ സമുദായത്തിന്റെ ദുര്‍ഗതിയാണ് ഞങ്ങളെ തെരുവിലേക്കിറക്കിയത്. പള്ളിയില്‍ ഇഅ്തികാഫിരിക്കേണ്ട സമയമാണെന്നറിയാഞ്ഞിട്ടല്ല. ഏത് വീട്ടില്‍ ചെന്നാലും കടയില്‍ പോയാലും റോഡിലിറങ്ങിയാലും റമസാന്‍ മാസത്തില്‍ സകാത്ത് വാങ്ങാന്‍ യാചന നടത്തുന്ന സമുദായാംഗങ്ങളെയാണ് കാണാന്‍ കഴിയുന്നത്. ഇതിനൊരറുതി വരുത്തണം. ഞങ്ങളെ കൈയില്‍ അതിന് പരിഹാരമുണ്ട്. സകാത്ത് ധനം സംഭരിച്ച് കാര്യക്ഷമമായി അവകാശികള്‍ക്ക് എത്തിച്ചുകൊടുക്കുക എന്നതാണത്. അതിനാണ് വളരെ തിരക്കുകളുള്ള ഡോ. സുബൈറടക്കം ഇങ്ങനെ ഇറങ്ങിപ്പുറപ്പെട്ടത്. അതിനാല്‍ താങ്കളുടെ സകാത്ത് ഞങ്ങളെ ഏല്‍പ്പിക്കുക. അവകാശികളുടെ കൈകളിലെത്തും. അയാള്‍ പറഞ്ഞു നിര്‍ത്തിയതും റഫീഖ് പൊട്ടിച്ചിരിച്ചതും ഒന്നിച്ചായിരുന്നു.
    അത്ഭുതത്തോടെ ആ സംഘം ഒന്നിച്ചു ചോദിച്ചു. എന്തിനാ താങ്കള്‍ ചിരിക്കുന്നത്?. റഫീഖ് പറഞ്ഞു. പാവപ്പെട്ട ദരിദ്ര ജനങ്ങള്‍ അവരുടെ അവകാശമായ സകാത്ത് വാങ്ങാന്‍ ഒറ്റയും തെറ്റയുമായി പോകുന്നത് തടയാന്‍ നിങ്ങള്‍ വി ഐ പികള്‍ കൂട്ട യാചന നടത്തുന്നത് ആലോചിച്ചു ചിരിച്ചു പോയതാണ്. യാചകരുടെ മുഖത്ത് ഒരു വളിച്ച ചിരി പ്രത്യക്ഷപ്പെട്ടു. നാട്ടിലെ സകാത്തു സെല്ലു കൊണ്ട് സംഘടനാ ഫണ്ട് ഒപ്പിച്ചെടുക്കുന്ന ആ സംഘം കൂടുതലൊന്നിനും നില്‍ക്കാതെ സ്ഥലം വിട്ടു. നിങ്ങള്‍ക്കും റമസാന്‍ മാസത്തില്‍ സകാത്ത് കമ്മിറ്റിക്കാരെ കാണേണ്ടിവന്നിട്ടുണ്ടാകും. സമുദായത്തിലെ പാവപ്പെട്ടവരെക്കുറിച്ചു യാചകര്‍ എന്നാരോപിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ നാം ചിന്തിക്കണം. അര്‍ഹതയുള്ള ഒരാള്‍ തന്റെ സകാത്ത് വിഹിതം വാങ്ങാന്‍ മുതലാളിയുടെ വീട്ടിലേക്കോ സ്ഥാപനത്തിലേക്കോ പോകുന്നത് യാചനയല്ല. ഒരു മുതലാളി തന്റെ കെട്ടിടത്തിന്റെ വാടക വാങ്ങാന്‍ എല്ലാ ഒന്നാം തിയ്യതിയും കടകളില്‍ കയറി ഇറങ്ങുന്നത് യാചനയല്ലല്ലോ, അവകാശം വാങ്ങാന്‍ വരുന്ന പാവങ്ങളെ യാചകര്‍ എന്നു വിളിക്കുന്നത് ശരിയല്ല.
    എന്നാല്‍ ഇവരെ വീട്ടിലേക്ക് വരുത്താതെ അവകാശം അവരുടെ അടുത്ത് എത്തിക്കുക എന്നതാണ് മാന്യത. സകാത്ത് ചോദിച്ച് വരുന്നവര്‍ക്ക് കൊടുക്കാതെ സകാത്ത് സെല്ലുമായി വരുന്ന തട്ടിപ്പുകാരെ ഏല്‍പ്പിച്ചാല്‍ പാവങ്ങള്‍ അവരുടെ ലിസ്റ്റിലുണ്ടാകുമോ അല്ലെങ്കിലും സകാത്ത് കമ്മിറ്റിയും സെല്ലുമുണ്ടാക്കി നടക്കുന്നവര്‍ സകാത്ത് മുതലുകള്‍ പള്ളി, മദ്‌റസ, പത്രം, മറ്റ് മീഡിയകള്‍, സംഘടനാ പ്രവര്‍ത്തനം ഇതിനെല്ലാം ഉപയോഗിക്കാമെന്ന് വാദിക്കുന്നവരാണല്ലോ. അതിനാല്‍ പാവപ്പെട്ടവന്റെ അവകാശം സൂത്രപ്പണിയിലൂടെ പോക്കറ്റടിക്കുകയാണ് ഈ വി ഐ പി യാചകര്‍.