അഫ്‌ലാസ് അവാര്‍ഡിന് ദുബൈ എയര്‍പോര്‍ട്ട് അര്‍ഹമായി

Posted on: July 13, 2015 8:00 pm | Last updated: July 13, 2015 at 8:36 pm

ദുബൈ: മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള അഫ്‌ലാസ് അവാര്‍ഡിന് ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യന്‍ ഫ്രൈറ്റ് ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയ്ന്‍ അവാര്‍ഡുകളില്‍ നിന്നാണ് ദുബൈ മികച്ച വിമാനത്താവളത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നത്.
ഏഷ്യന്‍ കാര്‍ഗോ ന്യൂസാണ് എല്ലാ വര്‍ഷവും അവാര്‍ഡ് നല്‍കുന്നത്. വായു, കര, കടല്‍ മാര്‍ഗങ്ങളിലൂടെ ഏറ്റവും കാര്യക്ഷമമായി ചരക്കുകള്‍ എത്തിക്കുന്നതിനാണ് അവാര്‍ഡ് നല്‍കുന്നത്.
ഏഷ്യന്‍ കാര്‍ഗോ ന്യൂസിന്റെ 15,000ല്‍ അധികം വരുന്ന വായനക്കാരില്‍ നിന്നു വോട്ടിംഗിലൂടെയാണ് ദുബൈയെ മികച്ച വിമാനത്താവളമായി തിരഞ്ഞെടുത്തിരിക്കുന്നത്. വളരെ ചെറിയ നിലയില്‍ ആരംഭിച്ച വിമാനത്താവളമാണ് ദുബൈയെന്നും നിലവില്‍ യാത്രക്കാരെയും ചരക്കും കൈകാര്യം ചെയ്യുന്നതില്‍ അല്‍ഭുതപ്പെടുത്തുന്ന വേഗമാണ് വിമാനത്താവളം കൈവരിച്ചിരിക്കുന്നതെന്നും അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.
അവാര്‍ഡിന് അര്‍ഹമായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ദുബൈ എയര്‍പോര്‍ട്ട്‌സ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ബിസിനസ് ഡവലപ്‌മെന്റ് വൈസ് പ്രസിഡന്റ് അനിത മെഹ്‌റ പറഞ്ഞു. യാത്രക്കാര്‍ക്ക് മികച്ച അനുഭവമാണ് വിമാനത്താവളം നല്‍കുന്നതെന്നും അനിത വ്യക്തമാക്കി.