മുലായം സിംഗ് യാദവിനെതിരെ പരാതി നല്‍കിയ ഐ പി എസ് ഓഫീസര്‍ക്കെതിരെ ബലാത്സംഗ കേസ്

Posted on: July 13, 2015 6:00 am | Last updated: July 13, 2015 at 1:40 am

mulayam

ലക്‌നോ: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് പരാതി നല്‍കിയ ഐ പി എസ് ഓഫീസര്‍ക്കെതിരെ ബലാത്സംഗ കേസെടുത്തു. മുലായം തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് പരാതി നല്‍കിയ മുതിര്‍ന്ന ഐ പി എസ് ഓഫീസര്‍ അമിതാഭ് ഠാക്കൂറിനെതിരെയാണ് കേസ്.
നേര്‍വഴിക്ക് നടക്കണമെന്നും ഇല്ലെങ്കില്‍ എസ് പി പ്രവര്‍ത്തകരുടെ കൈയൂക്ക് അറിയുമെന്നും മുലായം സിംഗ് യാദവ് തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് അമിതാഭ് ഠാക്കൂറിന്റെ പരാതി. 2006ല്‍ സമാജ്‌വാദി എം എല്‍ എയും അനുയായികളും അമിതാഭ് ഠാക്കൂറിനെ മര്‍ദിച്ചിരുന്നു. തന്നെ അനുസരിച്ചില്ലെങ്കില്‍ ഈ സംഭവം ഇനിയും ആവര്‍ത്തിക്കുമെന്നായിരുന്നു മുലായത്തിന്റെ ഭീഷണി.
ഐ ജി റാങ്കിലുള്ള അമിതാഭ് ഠാക്കൂറിനെ ലക്‌നോയിലെ ഗോമതി നഗര്‍ പോലീസ് സ്റ്റേഷനാണ് ബലാത്സംഗ കേസില്‍ പ്രതിയാക്കിയിരിക്കുന്നത്. ഗാസിയാബാദിലെ ഒരു സ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
‘ഇത് മുലായം സിംഗില്‍ നിന്നുള്ള മറുപടി സമ്മാനമാണ്. പകപോക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭീഷണി സമൂഹത്തിന് മുന്നില്‍ തുറന്ന് കാണിച്ചതാണ് താന്‍ ചെയ്ത തെറ്റ്. ഈ എഫ് ഐ ആറിനെ സ്വാഗതം ചെയ്യുന്നു. നിയമപരമായി നേരിടും, സത്യം വിജയിക്കുക തന്നെ ചെയ്യു’മെന്നും ഠാക്കൂര്‍ പറഞ്ഞു. ആറ് മാസമായി സ്ത്രീ ബലാത്സംഗ പരാതി നല്‍കിയിട്ട്. എന്നാല്‍ പരാതി ഗൗരവത്തിലെടുക്കാന്‍ ഇത്രകാലവും പോലീസ് തയ്യാറായിരുന്നില്ല. മുലായത്തിനെതിരെ പരാതി നല്‍കി ഒരു ദിവസം പിന്നിടുമ്പോഴാണ് തനിക്കെതിരെ കേസെടുക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. വസ്തുതകള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ട്. തന്റെ ജീവന്‍ ഇപ്പോള്‍ അപകടത്തിലാണ്. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുലായം സിംഗ് തന്നെ ലാന്‍ഡ്‌ലൈന്‍ ഫോണില്‍ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് 1992 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ അമിതാഭിന്റെ പരാതി. 2.10 മിനുട്ട് നീണ്ടുനില്‍ക്കുന്ന ഫോണ്‍ സംഭാഷണം അമിതാഭ് നേരത്തെ പുറത്തുവിട്ടിരുന്നു.
തന്നേയും ഭാര്യയേയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യു പി ഖനന മന്ത്രി ഗായത്രി പ്രസാദ് പ്രജാപതി, യുപി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെ അമിതാഭ് വ്യാഴാഴ്ച പരാതി നല്‍കിയിരുന്നു. അമിതാഭിന്റെ പരാതിയില്‍ ഗോമതി നഗര്‍ പോലീസ് ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. താന്‍ ഗായത്രി പ്രസാദ് പ്രജാപതിക്കെതിരെ കേസ് കൊടുത്തതാണ് ഭര്‍ത്താവിനെ ഭീഷണിപ്പെടുത്താന്‍ കാരണമെന്ന് അമിതാഭിന്റെ ഭാര്യ പറഞ്ഞു. ആര്‍ ടി ഐ പ്രവര്‍ത്തകന്‍ നൂതന്‍ ഠാക്കൂറുമായി ചേര്‍ന്ന് സാമൂഹിക പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തിവരികയാണ് അവര്‍.
അതിനിടെ, ആരോപണങ്ങള്‍ ശക്തിയായി നിഷേധിച്ച് സമാജ്‌വാദി പാര്‍ട്ടി വക്താവ് സി പി റായി രംഗത്തെത്തി. താന്‍ ശബ്ദരേഖ കേട്ടിട്ടില്ല. എന്നാല്‍ മുലായം അത്തരമൊരു ഭീഷണി നടത്തുമെന്ന് തോന്നുന്നില്ല. അദ്ദേഹം ഉന്നതനായ നേതാവാണ്. അങ്ങനെ ആരെയും ഭീഷണിപ്പെടുത്തേണ്ട കാര്യം അദ്ദേഹത്തിനില്ലെന്നും റായി പറഞ്ഞു. അതേസമയം, ഐ പി എസ് ഉദ്യോഗസ്ഥന്‍ കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചാല്‍ പരിഗണിക്കുമെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വാര്‍ഗിയ പറഞ്ഞു. ഐ പി എസ് ഉദ്യോഗസ്ഥനെതിരായ കേസ് രാജ്യത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.