ഭക്ഷ്യവസ്തുക്കളിലെ മായം: മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി നിയമം കര്‍ശനമാക്കുന്നു

Posted on: July 13, 2015 6:00 am | Last updated: July 13, 2015 at 1:38 am

ന്യൂഡല്‍ഹി: പ്രമുഖ ഫാസ്റ്റ്ഫുഡ് ബ്രാന്‍ഡുകളുടേതുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ വന്‍തോതില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനു പിന്നാലെ കൂടുതല്‍ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി നിയമം കര്‍ശനമാക്കുന്നു. ഭക്ഷ്യവസ്തുക്കളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഘടകപദാര്‍ഥങ്ങള്‍ ആഗോള സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പന്ത്രണ്ടായിരം മാനദണ്ഡങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാണ് ഭക്ഷ്യ സുരക്ഷാ വിഭാഗമായ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ് എസ് എ ഐ) തീരുമാനം.
പുതിയ മാനദണ്ഡങ്ങള്‍ അംഗീകരിക്കുന്നതോടെ ഉത്പന്നം വിപണിയിലിറക്കാന്‍ കമ്പനികള്‍ എഫ് എസ് എസ് എ ഐയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടതില്ല.
നിലവില്‍ ഭക്ഷ്യവസ്തുക്കള്‍ പുറത്തിറക്കുന്നതിന് എഫ് എസ് എ ഐയുടെ 375 മാനദണ്ഡങ്ങള്‍ പാലിക്കണം. എന്നാല്‍, ഭക്ഷ്യവസ്തുക്കളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഘടക പദാര്‍ഥങ്ങളുടെ കാര്യത്തില്‍ പ്രത്യേക മാനദണ്ഡങ്ങളില്ല. ഘടകപദാര്‍ഥങ്ങളുടെ കാര്യത്തില്‍ പന്ത്രണ്ടായിരം മാനദണ്ഡങ്ങള്‍ക്ക് എഫ് എസ് എസ് എ ഐ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും സൂക്ഷ്മ പരിശോധന നടത്തിയ ശേഷം നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ, കാര്‍ഷിക ഓര്‍ഗനൈസേഷനും (എഫ് എ ഒ) ലോകാരോഗ്യ സംഘടനയും ചേര്‍ന്ന് രൂപവത്കരിച്ച കമ്മീഷന്റെ ഭക്ഷ്യോത്പാദനവും സുരക്ഷയും സംബന്ധിച്ച് പാലിക്കേണ്ട നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും സ്വീകരിച്ചാണ് പുതിയ മാനദണ്ഡങ്ങള്‍ക്ക് എഫ് എസ് എസ് എ ഐ അംഗീകാരം നല്‍കിയത്. ഭക്ഷ്യ വസ്തുക്കളില്‍ ചേര്‍ക്കേണ്ട ഘടകപദാര്‍ഥങ്ങളുടെ ഏറ്റവും കൂടിയ അളവ് നിശ്ചയിച്ചിട്ടുണ്ട്. മനുഷ്യശരീരത്തിന് ഇത്തരം വസ്തുക്കള്‍ ഉള്‍ക്കൊള്ളാവുന്ന അളവിനെ അടിസ്ഥാനപ്പെടുത്തിയാണിത്.
കറുത്തീയവും മോണോ സോഡിയം ഗ്ലൂട്ടോമേറ്റും അനുവദനീയമായതിലും കൂടുതല്‍ അളവില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നെസ്‌ലേയുടെ നൂഡില്‍സ് ഉത്പന്നമായ മാഗിയുടെ വില്‍പ്പന കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെ വിവിധ പ്രമുഖ ഫാസ്റ്റ് ഫുഡ് ബ്രാന്‍ഡുകള്‍ മുഴുവന്‍ പരിശോധിക്കാന്‍ എഫ് എസ് എസ് എ ഐ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തുന്നത്.