വീട്ടില്‍ സൂക്ഷിച്ചിരുന്ന 70 പവന്‍ കവര്‍ന്നു

Posted on: July 13, 2015 6:00 am | Last updated: July 13, 2015 at 1:24 am

EDAYOOR MANNATH PARAMBILE KAVARCHAYUMAYI BANDHAPPETT FINGER PRINT EXPERT PARISHODHANA NADATHUNNU
വളാഞ്ചേരി: എടയൂര്‍ മണ്ണത്ത് പറമ്പില്‍ വന്‍ മോഷണം. വീട്ടില്‍ സൂക്ഷിച്ചിരുന്ന 70 പവന്‍ സ്വര്‍ണാഭരണങ്ങളാണ് ശനിയാഴ്ച രാത്രിയില്‍ മോഷണംപോയത്. എടയൂര്‍ മണ്ണത്ത്പറമ്പ് മണ്ണാംപറമ്പില്‍ മുഖാരിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് രാത്രി എട്ടിനും ഒമ്പതിനും ഇടയില്‍ മോഷണം നടന്നത്. തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്ന ഇദ്ദേഹത്തിന്റെ ഉമ്മ വെള്ളിയാഴ്ച രാത്രി മരണപ്പെട്ടിരുന്നു. അതുകാരണം ഇവരുടെ വീട് അടച്ചുപൂട്ടി എല്ലാവരും അവിടേക്ക് പോയിരുന്നു. വൈകീട്ട് ഏഴരയോടെ ഇവരുടെ മകന്‍ വീട്ടില്‍ വന്നപ്പോള്‍ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. എട്ട് മണിക്ക് മുമ്പായി അയാളും വീടുപൂട്ടിപ്പോയി. പിന്നീട് ഒമ്പതു മണിക്കു ശേഷം വന്നപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതിലിന്റെ ലോക്ക് അടര്‍ത്തിയെടുത്ത് മോഷ്ടാക്കള്‍ അകത്തുകടന്നതായി അറിഞ്ഞത്. അലമാരയിലും മേശയിലും സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മറ്റൊരു സ്ഥലത്ത് സൂക്ഷിച്ച 20 പവനോളം വരുന്ന ആഭരണങ്ങള്‍ മോഷ്ടാക്കളുടെ ശ്രദ്ധയില്‍പ്പെടാത്തതുകാരണം നഷ്ടപ്പെട്ടില്ല.
തിരൂര്‍ ഡി വൈ എസ് പി. പി അസൈനാര്‍, വളാഞ്ചേരി സി ഐ. എം ജി സുരേഷ്, മലപ്പുറത്തുനിന്നുള്ള ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ വീട്ടിലെത്തി പരിശോധന നടത്തി. മാസങ്ങള്‍ക്കു മുമ്പാണ് എടയൂര്‍ പീടികപ്പടിയിലെ വെള്ളാട്ട് സേതുമാധവന്റെ വീട്ടില്‍ നിന്നും 35 പവനും 75000 രൂപയും മോഷണം പോയത്. അതിന്റെ അന്വേഷണവും എങ്ങുമെത്തിയിട്ടില്ല.