Connect with us

Kerala

ഷീ ടാക്‌സിക്ക് പിന്നാലെ ഷീ ബസും വരുന്നു

Published

|

Last Updated

തിരുവനന്തപുരം: വിജയകരമായ ഷീ ടാക്‌സി പദ്ധതിക്ക് ശേഷം സ്ത്രീകളുടെ സുരക്ഷിത യാത്രക്ക് വഴിയൊരുക്കി ഷീ ബസ് പദ്ധതിയുമായി സാമൂഹിക സുരക്ഷാ വകുപ്പ്. ഷീ ടാക്‌സിയുടെ സംരംഭകരായ സാമൂഹിക സുരക്ഷാ വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കാണ് ഷീ ബസ് പദ്ധതിക്ക് പിന്നിലുമുള്ളത്.
ഏത് സമയത്തും എവിടേക്കും സ്ത്രീകളുടെ സുരക്ഷിത യാത്രക്ക് വഴിയൊരുക്കുന്ന ഷീ ടാക്‌സി പദ്ധതിക്ക് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് വലിയ അംഗീകാരങ്ങളാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് സ്ത്രീകള്‍ക്കുവേണ്ടി കുറച്ചുകൂടി ബൃഹദ് പദ്ധതിക്ക് വഴിയൊരുങ്ങുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീ സൗഹൃദ രീതിയിലുള്ള ബസുകളാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
ഷീ ടാക്‌സിക്കുള്ളതിനു സമാന രീതിയിലുള്ള സവിശേഷതകള്‍ ബസിനുമുണ്ടാകും. ബസിന്റെ ഡ്രൈവറും കണ്ടക്ടറുമെല്ലാം സ്ത്രീകള്‍ തന്നെയായിരിക്കും. എന്തെങ്കിലും തരത്തിലുള്ള അപകടമോ അപായങ്ങളോ ഉണ്ടായാല്‍ അപ്പപ്പോള്‍ വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്നതിനുള്ള സൗകര്യവും വാഹനത്തിലുണ്ടാകും. പ്രായമായവരും വൈകല്യമുള്ളവരുമായ സ്ത്രീകള്‍ക്ക് ഉപകരിക്കുന്ന തരത്തില്‍ വീല്‍ ചെയറുകള്‍ കയറ്റാനുള്ള സൗകര്യമുള്‍പ്പെടെ ബസിനുണ്ടാകും. എ സി ലോ ഫ്‌ളോര്‍ ബസുകളാണ് ഷീ ബസുകളായി നിരത്തിലിറക്കുക.
ആദ്യഘട്ടത്തില്‍ മെട്രോ നഗരങ്ങളില്‍ മാത്രമാണ് പദ്ധതി. ഷീ ടാക്‌സി നടപ്പാക്കിയപോലെ ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്താണ് ഷീ ബസ് സര്‍വീസ് നടത്തുക. രണ്ടാം ഘട്ടത്തില്‍ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. സ്ത്രീകള്‍ക്ക് പുറമേ കുട്ടികള്‍ക്കും ബസില്‍ യാത്ര അനുവദനീയമായിരിക്കും.സാധാരണക്കാരായ സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാനാകുന്ന സംവിധാനം എന്ന ആശയമാണ് ഷീ ബസ് പദ്ധതിയിലേക്കെത്തിച്ചത്. ഷീ ടാക്‌സിയെ പ്രശംസിച്ചെത്തിയ വേള്‍ഡ് ബേങ്കാണ് പദ്ധതി മുന്നോട്ടുവെച്ചത്. സാധാരണക്കാരായ യാത്രക്കാരെ ഉദ്ദേശിച്ച് നടപ്പാക്കുന്ന പദ്ധതിയായതിനാല്‍ മിതമായ ടിക്കറ്റ് നിരക്കായിരിക്കും ബസുകള്‍ക്ക് ഏര്‍പ്പെടുത്തുക.