കസ്റ്റഡി മരണം: മൃതദേഹവുമായി നാട്ടുകാര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

Posted on: July 13, 2015 6:00 am | Last updated: July 13, 2015 at 11:02 pm

Marangatupilli
കോട്ടയം: പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ദലിത് യുവാവ് മരങ്ങാട്ടുപിള്ളി പാറയ്ക്കല്‍ സിബി(40)യുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതില്‍ നിന്ന് പോലീസിനെ മാറ്റിനിര്‍ത്തി. പാലാ ആര്‍ ഡി ഒ. സി കെ പ്രകാശന്റെ സാന്നിധ്യത്തില്‍ കോട്ടയം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ബിജു കുമാറാണ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത്. രാവിലെ 9.45 ന് തുടങ്ങിയ ഇന്‍ക്വസ്റ്റ് രണ്ടര മണിക്കൂറിന് ശേഷം 12.15 ഓടെ പോസ്റ്റ്മാര്‍ട്ടത്തിനായി മാറ്റിയാത്. വൈകീട്ട് 3.30ന് പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും വീഡിയോ ചിത്രീകരണത്തിലാണ് നടന്നത്. എന്നാല്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിനും മറ്റുനടപടി ക്രമങ്ങള്‍ക്കുമായി രാവിലെ എട്ടിന് എറണാകുളം റേഞ്ച് ഐ ജി. എം ആര്‍ അജിത്കുമാര്‍ മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും പോലീസിന്റെ മര്‍ദനത്തില്‍ സിബി മരണപ്പെട്ടതിനാല്‍ പോലീസ് സാന്നിധ്യം പാടില്ലെന്ന് പ്രതിപക്ഷ രാഷ്ട്രിയ പാര്‍ട്ടി ആവശ്യപ്പെട്ടുതോടെ അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു. തലക്ക് ക്ഷതമേറ്റതാണ് സിബി മരിക്കാനിടയാക്കിയതെന്ന് ഐ ജി മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫോറന്‍സിക്ക് മെഡിസിന്‍ മേധാവി ഡോ. ശശികല, ഡോ. വി എം രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. വന്‍ജനാവലിയുടേയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് വൈകീട്ട് സിബിയുടെ മൃതദ്ദേഹം മരങ്ങാട്ടുപിള്ളിയിലേക്ക് കൊണ്ടുപോയത്.
അതേസമയം സിബിയുടെ മൃതദേഹവുമായി നാട്ടുകാര്‍ മരങ്ങാട്ടുപിള്ളി പോലീസ് സ്‌റ്റേഷനിലേക്ക് പ്രകടനം നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. വൈകീട്ട് അഞ്ചോടെയാണ് ആംബുലന്‍സില്‍ മൃതദേഹവുമായി നാട്ടുകാര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തെത്തിയത്. സ്റ്റേഷന് മുന്നില്‍ ബാരിക്കേഡ് വെച്ച് പോലീസ് ഇവരെ തടഞ്ഞു. പാലാ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും സ്ഥലത്തു നിലയുറപ്പിച്ചിരുന്നു.
ഐ ജിയും ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഉപരോധം പിന്‍വലിച്ചത്. പ്രതിഷേധം കൈവിട്ടു പോകുമെന്ന അവസ്ഥ എത്തിയതോടെയാണ് മധ്യമേഖല ഐ ജി അജിത്കുമാറും കോട്ടയം ജില്ലാ കലക്ടര്‍ യു വി ജോസും ജില്ലാ പോലീസ് മേധാവി എം പി ദിനേശും നാട്ടുകാരമായും സി പി എം നേതാക്കളുമായും ചര്‍ച്ച നടത്തിയത്. പോലിസിന്റെ ഭാഗത്ത് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അതേകുറിച്ച് വിശദമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതോടെയാണ് ഉപരോധം അവസാനിച്ചത്. സിപി എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സിബിയുടെ സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും. ജോസ് കെ മാണി എം പി, എം എല്‍എമാരായ അഡ്വ. കെ സുരേഷ് കുറുപ്പ്, മോന്‍സ് ജോസഫ്, കെ അജിത്ത്, സി പി എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, സി പി ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, സി എം പി സംസ്ഥാന സെക്രട്ടറി കെ ആര്‍ അരവിന്ദാഷന്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി ജി ഗോപി തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയിരുന്നു.

കോട്ടയം ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍
കോട്ടയം: പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് ദലിത് യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ ഇന്ന് എല്‍ ഡി എഫ് ഹര്‍ത്താല്‍ നടത്തും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി എല്‍ ഡി എഫ് നേതാക്കള്‍ അറിയിച്ചു.