ലഖ്‌വിയുടെ ശബ്ദ സാമ്പിള്‍ ഇന്ത്യക്ക് ലഭിക്കില്ല

Posted on: July 13, 2015 6:00 am | Last updated: July 13, 2015 at 12:45 am
SHARE

Zaki_ur_Rehman_Lakhvi_ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലശ്കറെ ത്വയ്യിബ ഓപറേഷനല്‍ കമാന്‍ഡറുമായ സാകിയുര്‍റഹ്മാന്‍ ലഖ്‌വിയുടെ ശബ്ദ സാമ്പിളുകള്‍ നല്‍കുമെന്ന പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന നടപ്പാകില്ല. പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി റഷ്യയിലെ ഉഫയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയില്‍ മുംബൈ ഭീകരാക്രമണ കേസില്‍ ആരോപണവിധേയരായവരുടെ ശബ്ദ സാമ്പിളുകള്‍ കൈമാറാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. പാക്കിസ്ഥാനില്‍ നടക്കുന്ന മുംബൈ ഭീകരാക്രമണത്തിന്റെ വിചാരണ പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും ശബ്ദരേഖകള്‍ കൈമാറുമെന്നുമുള്ള ഉറപ്പാണ് പാഴാകുന്നത്.
ലഖ്‌വിയുടെ ശബ്ദ സാമ്പിള്‍ എടുക്കണമെന്ന വിഷയം അവസാനിച്ചതാണെന്ന് പ്രോസിക്യൂഷന്‍ സംഘം മേധാവി ചൗധരി അസ്ഹര്‍ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ഹരജി മുംബൈ ഭീകരാക്രമണ കേസ് പരിഗണിക്കുന്ന റാവല്‍പിണ്ടിയിലെ കോടതി തള്ളിയതാണ്. പ്രതികളുടെ ശബ്ദ സാമ്പിളുകള്‍ എടുക്കുന്നത് രാജ്യത്ത് നിയമവിധേയമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അപേക്ഷ തള്ളിയത്. ലഖ്‌വിയുടെ ശബ്ദ സാമ്പിള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ പുതിയ ഹരജി നല്‍കിയിട്ടില്ലെന്നും ചൗധരി അസ്ഹര്‍ പറഞ്ഞു. പ്രതികളുടെ ശബ്ദ സാമ്പിളുകള്‍ കൈമാറുന്ന നിയമം പാക്കിസ്ഥാനിലില്ലെന്ന് ഇന്ത്യയെ അറിയിച്ചതാണെന്ന് ചൗധരി ചൂണ്ടിക്കാട്ടി.
മുംബൈ ഭീകരാക്രമണ കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാമെന്നും ശബ്ദ സാമ്പിളുകള്‍ ഉള്‍പ്പെടെയുള്ള അധിക തെളിവുകള്‍ ഇന്ത്യക്ക് കൈമാറാമെന്നും വെള്ളിയാഴ്ച ഷാംഗ്ഹായ് കോ- ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കിടെ നവാസ് ശരീഫും നരേന്ദ്ര മോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ധാരണയായിരുന്നു.