ദേശസാത്കൃത റൂട്ടില്‍ വീണ്ടും പെര്‍മിറ്റ്

Posted on: July 11, 2015 5:25 am | Last updated: July 10, 2015 at 9:47 pm
SHARE

ബസ് മുതലാളിമാരുടെ സമ്മര്‍ദത്തിന് വഴങ്ങി ദേശസാത്കൃത റൂട്ടുകളില്‍ പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണ്. കെ എസ് ആര്‍ ടി സി ഏറ്റെടുത്ത 200 പെര്‍മിറ്റുകള്‍ ഉള്‍പ്പെടെ 417 ബസുകളുടെ പെര്‍മിറ്റുകളാണ് പുതുക്കുന്നത്. ദേശസാത്കൃത റൂട്ടില്‍ പെര്‍മിറ്റിന് അപേക്ഷിക്കാന്‍ സ്വകാര്യ ബസുകള്‍ക്ക് അവകാശമില്ലെന്ന ഹൈക്കോടതി വിധിയെ മറികടക്കാന്‍ ഓര്‍ഡിനറി ലിമിറ്റഡ് സ്‌റ്റോപ്പെന്ന ലേബളിലാണ് പുതിയ പെര്‍മിറ്റ്. ഇതനുസരിച്ചു 15,000ന് മേല്‍ വരുമാനം നേടി ലാഭത്തിലോടുന്ന 185 ബസ് റൂട്ടുകള്‍ കെ എസ് ആര്‍ ടി സി സ്വകാര്യമേഖലക്ക് തിരികെ നല്‍കേണ്ടിവരും. കാലാവധി തീരുന്ന മുറക്ക് വേറെ 200ഓളം റൂട്ടുകളും കോര്‍പറേഷന് നഷ്ടമാകും. ദേശസാത്കൃത റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കരുതെന്ന ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്റെ അപേക്ഷ അവഗണിച്ചു കൈക്കൊണ്ട തീരുമാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോര്‍പറേഷന്റെ കാര്യം കൂടുതല്‍ കഷ്ടത്തിലാക്കും. ദേശസാത്കൃത റൂട്ടുകളിലെ വരുമാനമാണ് കെ എസ് ആര്‍ ടി സിയെ അല്‍പമെങ്കിലും പിടിച്ചുനിര്‍ത്തുന്നത്.
കെ എസ് ആര്‍ ടി സിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റുന്നതിന് ദേശസാത്കൃത റൂട്ടുകളില്‍ ഓടുന്ന സ്വകാര്യഫാസ്റ്റ് അടക്കമുള്ള സൂപ്പര്‍ ക്ലാസ് സര്‍വീസുകളുടെ പെര്‍മിറ്റ് ഏറ്റെടുക്കണമെന്നത് സര്‍ക്കാര്‍ നയമാണ്. ഇതു സംബന്ധിച്ചു ഗതാഗത വകുപ്പ് വിജ്ഞാപനമിറക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ബസ് മുതലാളിമാരുടെ സമ്മര്‍ദത്തിന് വഴങ്ങി സര്‍ക്കാര്‍ ഈ തീരുമാനം അട്ടിമറിക്കുകയായിരുന്നു. ദേശസാത്കൃത റൂട്ടുകളിലെ പെര്‍മിറ്റ് സംബന്ധിച്ചു കെ എസ് ര്‍ ടി സിയും സ്വകാര്യ ബസുടമകളും തമ്മിലുള്ള തര്‍ക്കം സുപ്രീം കോടതി വരെ എത്തിയതും മിക്ക വിധികളും കെ എസ് ആര്‍ ടി സിക്ക് അനുകൂലമായി വന്നതുമാണ്. ദേശസാത്കൃത റൂട്ടുകളിലെ സ്വകാര്യ പെര്‍മിറ്റുകള്‍ കെ എസ് ആര്‍ ടി സി ആവശ്യപ്പെടുന്ന മുറക്ക് തിരികെ നല്‍കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ 2006ലെ വിജ്ഞാപനത്തിനെതിരെ സ്വകാര്യബസ്സുടമകള്‍ സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും അവരുടെ ഹരജി തള്ളുകയാണുണ്ടായത്. കഴിഞ്ഞ ഒക്‌ടോബറില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവില്‍ കെ എസ് ആര്‍ ടി സിയുടെ റൂട്ടുകളില്‍ സ്വകാര്യ സുപ്പര്‍ ഫാസ്റ്റുകള്‍ക്ക് നല്‍കിയ പെര്‍മിറ്റുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു. അതംഗീകരിക്കാമെന്ന് കോടതിക്ക് സര്‍ക്കാര്‍ ഉറപ്പും നല്‍കി. എന്നാല്‍ കേസ് കോടതിയില്‍ തുടര്‍ന്നു കൊണ്ടരിക്കെ തന്നെ സ്വകാര്യ സൂപ്പര്‍ ഫാസ്റ്റുകള്‍ക്ക് സര്‍ക്കാര്‍ വീണ്ടും പെര്‍മിറ്റ് പുതുക്കിക്കൊടുത്തു. കെ എസ് ആര്‍ ടി സിക്ക് സമയബന്ധിതമായി റൂട്ടുകള്‍ ഏറ്റെടുക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ സ്വകാര്യ ബസുകള്‍ക്ക് താത്കാലിക പെര്‍മിറ്റ് നല്‍കാമെന്ന ഒരു ഇളവ് കോടതി അനുവദിച്ചിരുന്നു. ഇതിന്റെ മറവിലാണ് പുതുക്കിയത്. കഴിഞ്ഞ ഒക്‌ടോബര്‍ 28ന് മുമ്പായി സൂപ്പര്‍ ക്ലാസ് സര്‍വീസിന് വേണ്ടി 500 പുതിയ ബസുകള്‍ നിരത്തിലിറക്കാന്‍ കെ എസ് ആര്‍ ടി സി തീരുമാനിച്ചിരുന്നു. ഇത് ചില ഉന്നതര്‍ ഇടപ്പെട്ട് വൈകിപ്പിക്കുകയും പുതുതായി ഏറ്റെടുക്കുന്ന റൂട്ടുകളില്‍ കെ എസ് ആര്‍ ടി സിക്ക് സര്‍വീസ് നടത്താന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു കൊണ്ടാണ് പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ അവസരമൊരുക്കിയത്.
സ്വകാര്യ ബസ് നടത്തുന്നവരില്‍ പലരും ജനപ്രതിനിധികളോ അവരുടെ ബന്ധുക്കളോ സ്വന്തക്കാരോ ആണ്. ഇവരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ദേശസാത്കൃത റൂട്ടുകള്‍ ഏറ്റെടുക്കാനുള്ള തീരുമാനം അട്ടിമറിക്കുന്നത്. സ്വകാര്യ ബസ് മുതലാളിമാര്‍ വിലക്കെടുക്കുന്ന കെ എസ് ആര്‍ ടി സി യിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇതിന് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ഇരു മുന്നണികളിലും ബസ് ഉടമകളുടെ സ്വാധീനം ശക്തമായതിനാല്‍ കെ എസ് ആര്‍ ടി സിയിലെ യൂനിയനുകള്‍ പോലും ഇതിനെതിരെ രംഗത്തുവരാറില്ല.
സ്വകാര്യ ബസുകളുടെ ആധിപത്യം കെ എസ് ആര്‍ ടി സിയെ ബാധിക്കാതിരിക്കാനാണ് സര്‍ക്കാര്‍ റൂട്ട് ദേശസാത്കരണം നടപ്പാക്കിയത്. 1960-70 കാലഘട്ടത്തില്‍ കേരളത്തിലെ മിക്ക റൂട്ടുകളും കെ എസ് ആര്‍ ടി സിക്ക് മാത്രമായി. പിന്നീട് ബസുകളുടെ പരിമിതി നിമിത്തം സര്‍വീസ് നടത്താന്‍ കെ എസ് ആര്‍ ടി സിക്ക് കഴിയാതെവന്നപ്പോള്‍ ചെറിയ ദൂരത്തില്‍ ഓര്‍ഡിനറി ടൗണ്‍ ബസുകളോടിക്കാനുള്ള അനുവാദം സ്വകാര്യ ബസുകള്‍ക്ക് നല്‍കിത്തുടങ്ങി. 1989ല്‍ മോട്ടോര്‍ വാഹന നിയമം പരിഷ്‌കരിച്ചപ്പോള്‍ ഭരണതലങ്ങളിലെ ഉന്നതരെയും ഉദ്യോഗസ്ഥ പ്രമുഖരെയും സ്വാധീനിച്ചു സ്വകാര്യ ബസ് മുതലാളിമാര്‍ ദേശസാത്കൃത റൂട്ടുകളിലും ദീര്‍ഘദൂര പെര്‍മിറ്റുകള്‍ നേടിയെടുത്തു. അത്തരം സ്വാധീനങ്ങളുടെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ തീരുമാനത്തിലും തെളിഞ്ഞു കാണുന്നത്. കെ എസ് ആര്‍ ടി സിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു വാചാലരാകുന്ന ജനപ്രതിനിധികള്‍, തിരശ്ശീലക്ക് പിന്നില്‍ ബസ് മുതലാളിമാരുമായി ഒത്തുകളിച്ചു കെ എസ് ആര്‍ ടി സിയെ തകര്‍ക്കുകയാണ്. സ്വകാര്യ ലോബിയുടെ സ്വാധീനത്തില്‍ നിന്ന് സര്‍ക്കാര്‍ മുക്തമാകാത്ത കാലത്തോളം ആര് വിചാരിച്ചാലും കെ എസ് ആര്‍ ടി സിയെ രക്ഷപ്പെടുത്താനാകില്ല.