ഗുരുവിന്റെ നൂറാം പിറന്നാള്‍ ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Posted on: July 10, 2015 3:29 pm | Last updated: July 10, 2015 at 3:29 pm

കൊയിലാണ്ടി: കലാപ്രവര്‍ത്തനത്തെ ഉപാസനയാക്കി മാറ്റിയ ഗുരു ചേമഞ്ചേരിയുടെ നൂറാം പിറന്നാള്‍ ആഘോഷത്തിന് ഈ മാസം 12ന് തുടക്കമാകും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ‘ധന്യം’ എന്ന പേരിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കഥകളി വിദ്യാലയത്തിലും ചേലിയ ഇലാഹിയ കോളജ് ഓഡിറ്റോറിയത്തിലുമായി നടക്കുന്ന പിറന്നാളാഘോഷത്തിന് നിറഞ്ഞ മനസ്സോടെ നെഞ്ചേറ്റാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
ചെങ്ങോട്ട് കാവ് പഞ്ചായത്തും കഥകളി വിദ്യാലയവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആഘോഷ പരിപാടികളുടെ ഭാഗമായി സഹൃദയ സംഗമം, ശത പഞ്ചാരിമേളം, ശതസംക്രമ ഗാന വിസ്മയം, സാംസ്‌കാരിക ഘോഷയാത്ര, ശതസംക്രമ സദസ്സ്, കൃഷ്ണപര്‍വം തുടങ്ങിയ പരിപാടികളാണ് ഒരുക്കുന്നത്. കാലത്ത് 9.30 മുതല്‍ 12.30വരെ സഹൃദയ സംഗമം പത്മശ്രീ കലാമണ്ഡലം ഗോപി ദീപപ്രോജ്വലനം നടത്തും. ‘ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, നിറങ്ങള്‍ നിനവുകള്‍’ എന്ന ഗ്രന്ഥത്തിന്റെ സമര്‍പ്പണം ഡോ. ശ്രീമുള്ളി ശിവരാമന്‍ നിര്‍വഹിക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ കുടുംബശ്രീ അംഗങ്ങള്‍, പ്രിയ ശിഷ്യര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, നാട്ടുകാര്‍ അണിനിരക്കും. തുടര്‍ന്ന് കലാമണ്ഡലം ശിവദാസന്റെ പ്രമാണത്തില്‍ നൂറു വാദ്യ കലാകാരന്മാര്‍ ഒരുക്കുന്ന ശത പഞ്ചാരി മേളം അരങ്ങേറും.
തുടര്‍ന്ന് നടക്കുന്ന ശതസംക്രമഗാന വിസ്മയം പരിപാടിയില്‍ സംഗീതാധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി നൂറിലധികം കലാകാരന്മാര്‍ ഒത്തുചേരും. ശതസംക്രമ സദസ്സ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ സി ജോസഫ് ഉപഹാര സമര്‍പ്പണം നടത്തും. മന്ത്രി എം കെ മുനീര്‍, ചേലിയയെ കഥകളി ഗ്രാമമായി പ്രഖ്യാപിക്കും. എം പി വീരേന്ദ്രകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സിനിമാ നടനും ഗുരുവിന്റെ ശിഷ്യനുമായ വിനീത് ഗുരുവന്ദനം നടത്തും. രാത്രി എട്ടിന് മണിക്ക് നടന്‍ വിനീത് അവതരിപ്പിക്കുന്ന നൃത്താര്‍ച്ചന. നൂറിലധികം കലാകാരന്മാരോടൊപ്പം ഗുരുവും അരങ്ങിലെത്തും.