നൂറോളം ഉയ്ഗൂര്‍ വംശജരെ തായ്‌ലാന്‍ഡ് തിരിച്ചയച്ചു; തുര്‍ക്കിയില്‍ വന്‍ പ്രതിഷേധം

Posted on: July 10, 2015 6:00 am | Last updated: July 9, 2015 at 11:37 pm

uighur muslims
ബേങ്കോക്ക്: ചൈനയില്‍ നിന്ന് അഭയം തേടിയെത്തിയ നൂറോളം ഉയ്ഗൂര്‍ മുസ്‌ലിംകളെ തായ്‌ലാന്‍ഡ് തിരിച്ചയച്ചു. നടപടി വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഈ നീക്കത്തില്‍ പ്രതിഷേധിച്ച് തുര്‍ക്കിയിലെ ഇസ്തംബൂളില്‍ സ്ഥിതിചെയ്യുന്ന തായ് കോണ്‍സുലേറ്റിന് നേരെ പ്രതിഷേധക്കാര്‍ കൈയേറ്റം നടത്തി.
പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാംഗ് പ്രവിശ്യയില്‍ നിന്ന് സര്‍ക്കാറിന്റെയും ഹാന്‍വംശജരുടെയും പീഡനങ്ങളും വിവേചനങ്ങളും സഹിക്കാനാകാതെ ആയിരക്കണക്കിന് ഉയ്ഗൂര്‍ മുസ്‌ലിംകള്‍ പലായനം ചെയ്തിരുന്നു. ഇവരില്‍ പലരും പിന്നീട് പല രാജ്യങ്ങളില്‍ അഭയം തേടിയെത്തിയിരുന്നു. നൂറുകണക്കിന് പേര്‍ സുരക്ഷിതമല്ലാത്ത കടല്‍യാത്രക്കിടെ മരിച്ചു. ഇങ്ങനെ അഭയം തേടിയെത്തിയവരില്‍ ചിലര്‍ തായ്‌ലാന്‍ഡിലും എത്തിയിരുന്നു. ഇവരെയാണ് ഇപ്പോള്‍ തായ് അധികൃതര്‍ വീണ്ടും തിരിച്ചയച്ചിരിക്കുന്നത്. ഉയ്ഗൂര്‍ വംശജര്‍ക്കെതിരെ ചൈന നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ നേരത്തെ തന്നെ തുര്‍ക്കി ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. പതിനായിരങ്ങള്‍ പങ്കെടുത്ത റാലി അടുത്തിടെ തുര്‍ക്കിയില്‍ നടന്നിരുന്നു. എന്നാല്‍ ചൈനയില്‍ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ വിവേചനം നേരിടുന്നില്ലെന്നും ഭരണഘടന അനുശാസിക്കുന്ന രൂപത്തില്‍ അവര്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്നും ആയിരുന്നു ചൈനയുടെ പ്രതികരണം.
നൂറോളം വരുന്ന ഉയ്ഗൂര്‍ വംശജരെ തിരിച്ചയച്ചതോടെ, അന്താരാഷ്ട്ര നിയമങ്ങളെയാണ് തായ്‌ലാന്‍ഡ് വെല്ലുവിളിച്ചിരിക്കുന്നത്. ചൈനീസ് വംശജരായ ആളുകളാണ് ഇവരെന്ന് വ്യക്തമായി അറിഞ്ഞതിന് ശേഷവും ഇവരെ തായ്‌ലാന്‍ഡ് തിരിച്ചയക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശ സംരക്ഷണ സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ജൂണ്‍ അവസാനത്തില്‍, 170 ലധികം വരുന്ന ഉയ്ഗൂര്‍ അഭയാര്‍ഥികളെ തായലാന്‍ഡ് തുര്‍ക്കിയിലേക്ക് വഴിതിരിച്ചുവിട്ടതായും അവര്‍ വെളിപ്പെടുത്തി. തായലാന്‍ഡില്‍ നിന്ന് 173 പേര്‍ തുര്‍ക്കിയിലെത്തിയതായും ഒരു വര്‍ഷത്തോളം അവരെ തായ്‌ലാന്‍ഡ് അധികൃതര്‍ തടവില്‍ വെച്ചിരിക്കുകയായിരുന്നുവെന്നും അടുത്തിടെ തുര്‍ക്കി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വാര്‍ത്ത പുറത്തുവന്നതോടെ, തുര്‍ക്കിയില്‍ കഴിയുന്ന ആയിരത്തോളം തായ്‌ലാന്‍ഡുകാര്‍ ഭീഷണി നേരിടുകയാണ്. ഇവര്‍ക്ക് തായ്‌ലാന്‍ഡ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തായ് കോണ്‍സുലേറ്റിന് നേരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. തുര്‍ക്കി വംശജരാണ് ഉയ്ഗൂര്‍ മുസ്‌ലിംകള്‍.