Connect with us

International

സ്രെബ്രനിക്ക കൂട്ടക്കൊലയെ വംശഹത്യയെന്ന് വിശേഷിപ്പിച്ച യു എന്‍ പ്രമേയം റഷ്യ വീറ്റോ ചെയ്തു

Published

|

Last Updated

മോസ്‌കോ: ബോസ്‌നിയന്‍ യുദ്ധക്കാലത്ത് സ്രെബ്രനിക്കയില്‍ നടന്ന കൂട്ടക്കൊലയെ വംശഹത്യയെന്ന് വിശേഷിപ്പിച്ച ഐക്യരാഷ്ട്രസഭയുടെ പ്രമേയം റഷ്യ വീറ്റോ ചെയ്തു. യു എന്‍ മുന്നോട്ടുവെച്ച പ്രമേയം രാഷ്ട്രീയ പ്രചോദനത്തിന്റെ ഭാഗമായുണ്ടായതാണെന്ന് റഷ്യന്‍ അംബാസഡര്‍ വിറ്റലി ചര്‍കിന്‍ ആരോപിച്ചു. ബോസ്‌നിയയിലെ സെര്‍ബ് വംശജര്‍ക്കെതിരായ നടപടി യുദ്ധക്കുറ്റമാണെന്ന യു എന്‍ കണ്ടെത്തല്‍ ശരിയല്ല. ഇത്തരം നിരീക്ഷണങ്ങള്‍ ബാള്‍ക്കന്‍സ് വംശജര്‍ക്ക് സമാധാനം സാധ്യമാക്കുകയില്ലെന്നും കാര്യങ്ങള്‍ കൂടുതല്‍ വഷളാകാനേ ഇത് ഉപകരിക്കൂവെന്നും അദ്ദേഹം യു എന്‍ രക്ഷാസമിതിയില്‍ വ്യക്തമാക്കി. കൗണ്‍സില്‍ ആരംഭിക്കുന്നതിന് മുമ്പ് സ്രെബ്രനിക്കയിലെ ഇരകള്‍ക്ക് വേണ്ടി ഒരു മിനുട്ട് മൗനമാചരിച്ചിരുന്നു.
20 വര്‍ഷം മുമ്പ് നടന്ന വംശഹത്യയെ ഭൂരിപക്ഷം അംഗങ്ങളും എതിര്‍ത്തു. പത്തില്‍ ഒമ്പത് വോട്ടുകളും വംശഹത്യയെ അപലപിച്ചു. അംഗോള, ചൈന, നൈജീരിയ, വെനിസ്വേല എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
പ്രമേയം മുന്നോട്ടുവെച്ചത് ബ്രിട്ടനായിരുന്നു. സത്യത്തെ അംഗീകരിക്കാതെ മാറി നില്‍ക്കുന്നവരുടെ ഭാഗത്തേക്ക് റഷ്യ നീങ്ങിയിരിക്കുകയാണെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി അംബാസഡര്‍ പീറ്റര്‍ വില്‍സണ്‍ പറഞ്ഞു. സ്രെബ്രനിക്കയില്‍ കൂട്ടക്കൊലയും വംശഹത്യയും നടന്നു. ഇത് സത്യമാണ്. ഈ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറായി വീറ്റോ ഒഴിവാക്കാന്‍ വേണ്ടി റഷ്യയും ബ്രിട്ടനും അമേരിക്കയും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വംശഹത്യയെന്ന പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ റഷ്യ ഉറച്ചു നില്‍ക്കുകയായിരുന്നു.

Latest