പൊക്കമുള്ള കെട്ടിടങ്ങളില്‍ ദുരന്തം വരുന്ന വഴി

Posted on: July 9, 2015 8:07 pm | Last updated: July 9, 2015 at 8:07 pm
SHARE

uae building
കെട്ടിടത്തില്‍ നിന്ന് വീണു മരിക്കുന്നത് യു എ ഇയില്‍ വര്‍ധിച്ചുവരുന്നു. അംബരചുംബികളായ കെട്ടിടങ്ങള്‍ ധാരാളം ഉയര്‍ന്നുവരുന്നതും അതില്‍ പാര്‍ക്കുന്ന ആളുകള്‍ ജാഗ്രത കാണിക്കാത്തതും കാരണങ്ങള്‍. ചിലര്‍ ആത്മഹത്യ ചെയ്യാന്‍ ഉപയോഗിക്കുന്നത് കെട്ടിടത്തിന്റെ ഉയരത്തെ. പൊക്കമുള്ള കെട്ടിടത്തില്‍ നിന്ന് ചാടിയാല്‍ എളുപ്പം ജീവന്‍ പോകും.
കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ പ്രമുഖ വ്യക്തിത്വ വികസന പരിശീലകന്‍ രാധാകൃഷ്ണനെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചനിലയില്‍ കണ്ടത് മലയാളികളെ നടുക്കിയ സംഭവമാണ്. രാധാകൃഷ്ണന്‍ മലയാളീ സാമൂഹിക മേഖലയില്‍ സജീവമായിരുന്നു. രാധാകൃഷ്ണന് ഇങ്ങനെയൊരു അബദ്ധം സംഭവിച്ചതില്‍ ഏവരും ആശങ്കപ്പെടുന്നു. ജീവിതത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ആര്‍ കെ എന്ന രാധാകൃഷ്ണന്‍. ഫഌറ്റിന്റെ ജനാല ശുചിയാക്കുമ്പോള്‍ കാല്‍ വഴുതി വീണതാണത്രെ.
രണ്ടു മാസം മുമ്പ് ദുബൈ ദേര പോര്‍ട്ട് സഈദില്‍ പത്താം നിലയില്‍ നിന്ന് വീണ് ബംഗ്ലാദേശി യുവാവ് മരിച്ചു. കെട്ടിടത്തിന്റെ കണ്ണാടി ചുവര്‍ വൃത്തിയാക്കുമ്പോള്‍ നിലം പതിച്ചതാണെന്ന് മുറഖബാത് പോലീസ് കണ്ടെത്തിയിരുന്നു.
‘തൊട്ടിലില്‍’ തൂങ്ങിയാണ് തൊഴിലാളികള്‍ കൂറ്റന്‍ കെട്ടിടങ്ങളുടെ ചുവര്‍ വൃത്തിയാക്കുക. തൊട്ടിലിനെ തുക്കിയിടുന്ന ‘കയര്‍’ ദുര്‍ബലമായാല്‍ ജീവന്‍ പോയതു തന്നെ. ഏറെ ജാഗ്രത പുലര്‍ത്തേണ്ട തൊഴിലിടമാണിത്. യുവാവ് വൃത്തിയാക്കുന്നതിന് തൊട്ടുതാഴെ രണ്ട് തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഇവരുടെ കണ്‍മുന്നില്‍ വെച്ചാണ് മരണം.
ജനുവരിയില്‍ ദുബൈ ടീകോമിന് സമീപം 25-ാം നിലയില്‍ നിന്ന് വീണുമരിച്ച നിലയില്‍ ഒരു ജോര്‍ദാന്‍ വാണിജ്യ പ്രമുഖനെ കണ്ടെത്തിയിരുന്നു. അപകട മരണമാണെന്ന് പിന്നീട് സ്ഥിരീകരണം വന്നു. ആത്മഹത്യ ചെയ്യാനുറച്ചയാളുകളെ പിന്തിരിപ്പിക്കുക എളുപ്പമല്ല. അതേസമയം, ജാഗ്രതപുലര്‍ത്തുകയാണെങ്കില്‍ അപകടമരണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ 14 കുട്ടികള്‍ വീണുമരിച്ചുവെന്നാണ് അബുദാബി പോലീസ് റിപ്പോര്‍ട്ട്. രണ്ടു മുതല്‍ പത്തുവരെ വയസുള്ള കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. രക്ഷിതാക്കളുടെ അശ്രദ്ധയും അലംഭാവവുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. അപ്പാര്‍ടുമെന്റിന്റെ ജനലിനരികിലോ, ബാല്‍കണിയിലോ കുഞ്ഞുങ്ങളെ തനിച്ചാക്കരുതെന്നും കൈയെത്തും ഉയരത്തിലുള്ള ജനല്‍ തുറന്നുവെച്ച് ടെലിവിഷനിലോ കമ്പ്യൂട്ടറിലോ മാത്രം ശ്രദ്ധയൂന്നി കുട്ടികളെ അവഗണിക്കരുതെന്നും പോലീസ് നിരന്തരം ബോധവത്കരണം നടത്താറുണ്ട്. എന്നാലും ചില രക്ഷിതാക്കള്‍ അപകടം ക്ഷണിച്ചുവരുത്തും.
അപ്പാര്‍ട്‌മെന്റില്‍ കുട്ടികളുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കി വേണം കെട്ടിട നിര്‍മിതിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മിക്ക കെട്ടിടങ്ങളിലും അഴികളില്ലാത്ത ജനാലയാണ്. മാത്രമല്ല, കുട്ടികളുടെ കൈയെത്തും ഉയരത്തിലുമാണവ.
പുറത്തെ കാഴ്ചകളില്‍ അഭിരമിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് കുട്ടികള്‍. അവര്‍ക്ക്, അപകടം മുന്‍കൂട്ടി കാണാന്‍ കഴിയുകയുമില്ല. പൊക്കമുള്ള കെട്ടിടങ്ങളില്‍ തീപിടുത്തമുണ്ടായാല്‍ ദുരന്തത്തിന് ആക്കം കൂട്ടും. എളുപ്പം രക്ഷപ്പെടാന്‍ കഴിയണമെന്നില്ല. അത്തരം അപകടങ്ങള്‍ യു എ യില്‍ ധാരാളം നടന്നിട്ടുണ്ട്.