ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു സഅദ് ഓമച്ചപ്പുഴ

Posted on: July 9, 2015 7:58 pm | Last updated: July 9, 2015 at 7:58 pm

rashid ayappalli
അല്‍ ഐന്‍: അബുദാബി-അല്‍ ഐന്‍ പാതയില്‍ അല്‍ ഫയ അഡ്‌നോക്ക് പെട്രോള്‍ സ്റ്റേഷനടുത്ത് ഓടിക്കൊണ്ടിരുന്ന ആഡംബര സ്‌പോട്‌സ് വാഹനമായ കോറല്‍സിനു തീ പിടിച്ചു. യൂറോപ്യന്‍ വനിതയാണ് വാഹനം ഓടിച്ചിരുന്നത്. വേഗതകൂടിയ പാതയിലൂടെ ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ മുന്‍വശത്ത് നിന്ന് തീ അതിവേഗം പടര്‍ന്ന് കത്തുകയായിരുന്നു. യൂറോപ്യന്‍ വനിത ഓടി രക്ഷപ്പെട്ടു.
രാവിലെ 10.30നും 11നും ഇടക്കാണ് സംഭവം. തീ ആളിപ്പടര്‍ന്നതിനാല്‍ പാതയുടെ വലതുവശത്ത് ഉണ്ടായിരുന്ന ഖാഫ് മരം കത്തിയമര്‍ന്നു. വാഹനം കത്തിക്കൊണ്ടിരിക്കെ വേഗത കുറച്ചുവന്ന സ്വദേശി യുവാവിന്റെ വാഹനത്തിനു പിറകില്‍ അതിവേഗത്തില്‍ വന്ന ഈജിപ്ഷ്യന്‍ സ്വദേശിയുടെ വാഹനം ഇടിച്ചു തകര്‍ന്നു. കത്തിച്ചാമ്പാലായ വാഹനത്തില്‍ യുവതിയുടെ ലാപ്‌ടോപ്പ്, മൊബൈല്‍, മറ്റ് രേഖകള്‍ എല്ലാ കത്തിയമര്‍ന്നു. ഫയര്‍ ഫോഴ്‌സും പോലീസും എത്തിയപ്പോഴേക്കും വാഹനം പൂര്‍ണമായും കത്തിനശിച്ചിരുന്നു. 15 മിനിറ്റോളം ഈ പ്രദേശത്ത് വാഹനഗതാഗതം തടസപ്പെട്ടു. കത്തിയമര്‍ന്ന വാഹനത്തിന്റെ ശീതീകരണ അറയില്‍ നിന്ന് വെള്ളം ചോര്‍ന്നതാണ് തീ പിടിത്തത്തിനു കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.