എസ് എം എസ്, ഇ മെയില്‍ വഴി തട്ടിപ്പ് വ്യാപകം

Posted on: July 9, 2015 10:22 am | Last updated: July 9, 2015 at 10:22 am

smsചാവക്കാട്: എസ് എം എസ്, ഇ മെയില്‍ വഴിയുള്ള പണം തട്ടിപ്പ് വ്യാപകമാകുന്നു. ഇ മെയിലിലും മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന എസ് എം എസിലും വന്‍തുക സമ്മാനം ലഭിച്ചതായുള്ള അറിയിപ്പു വരുന്നതാണ് തട്ടിപ്പിനു തുടക്കം. ഇതില്‍ ആകൃഷ്ടരാകുന്നവര്‍ എസ് എം എസിനോടൊപ്പം ലഭിക്കുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടും. സമ്മാനം ലഭിച്ച വ്യക്തിയുടെ ബയോഡാറ്റയും മറ്റും നെറ്റിലൂടെ അയച്ചുനല്‍കാനാണ് മറുപടി ലഭിക്കുക. ഇത് അയച്ചുകൊടുക്കുമ്പോള്‍ സമ്മാനത്തുക സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഇതോടൊപ്പം സമ്മാനത്തുക ലഭിക്കുന്നതിനായുള്ള ചാര്‍ജായി ചെറിയ തുക ആവശ്യപ്പെടും.
കൂടാതെ എയര്‍പോര്‍ട്ട് കസ്റ്റംസ് ക്ലിയറന്‍സ് ചാര്‍ജ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനാല്‍ അഞ്ചുലക്ഷം പൗണ്ടിന് രണ്ടുലക്ഷം രൂപ അടക്കണമെന്ന് ആവശ്യപ്പെടും. നിരവധിപ്പേര്‍ പണം നല്‍കിയെങ്കിലും മാസങ്ങളായിട്ടും ബ്രിട്ടീഷ് പൗണ്ട് എത്തിയില്ല. ചാവക്കാട് സ്വദേശിയായ യുവാവിന് അഞ്ചുലക്ഷം ബ്രിട്ടീഷ് പൗണ്ട് സമ്മാനം ലഭിച്ചതായാണ് അറിയിപ്പ് ലഭിച്ചത്. ഇത് ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി 25000 രൂപ ഐ സി ഐ സി ഐ ബാങ്കില്‍ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു.
അക്കൗണ്ട് നമ്പറും നല്‍കിയിരുന്നു. ലോകത്തിലെ എല്ലാ ഫോണ്‍ നമ്പറുകളും നറുക്കിട്ടപ്പോഴാണത്രേ ഇയാളുടെ നമ്പറിന് സമ്മാനം ലഭിച്ചത്. തട്ടിപ്പല്ലെന്ന് തെളിയിക്കുന്നതിനായി ബ്രിട്ടന്റെ നിയമവകുപ്പിന്റെയും ബ്രിട്ടീഷ് പ്രൊമോഷന്‍സിന്റെ സര്‍ട്ടിഫിക്കറ്റുകളും നെറ്റില്‍ അയച്ചുനല്‍കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ പതിനായിരക്കണക്കിന് ഇ മെയിലുകളും എസ് എം എസുകളുമാണ് പലരേയും തേടിയെത്തുന്നത്. നിരവധിപേര്‍ ഇതിനോടകം കബളിപ്പിക്കപ്പെട്ടെങ്കിലും നാണക്കേട് മൂലം പുറത്തു പറയാറില്ല.