യോഗ്യതാ വിവാദത്തില്‍ സി പി എം. എം എല്‍ എയും

Posted on: July 9, 2015 6:00 am | Last updated: July 9, 2015 at 1:04 am

അഗര്‍ത്തല: തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ യോഗ്യത ചേര്‍ത്തുവെന്ന പരാതിയില്‍ സി പി എം. എം എല്‍ എക്കെതിരെ കേസെടുത്തു. ത്രിപുരയിലെ ഗൊലാഗത്തി എം എല്‍ എ കേശബ് ദേബര്‍മ്മക്കെതിരെയാണ് കേസെടുത്തത്. 2008ലെയും 2013ലെയും തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയോടൊപ്പം ചേര്‍ത്ത സത്യവാങ്മൂലത്തില്‍ പരസ്പരം പൊരുത്തപ്പെടാത്ത യോഗ്യതകളാണ് കേശബ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് ബിശാല്‍ഗഢ് സബ് ഡിവിഷനല്‍ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ച ഹരജിയില്‍ മിതുപാല്‍ ചൂണ്ടിക്കാട്ടി. 2008ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, താന്‍ സെക്കന്‍ഡറി പരീക്ഷ 1992ല്‍ എഴുതിയിരുന്നു എന്ന് അവകാശപ്പെട്ട കേശബ്, 2013ലെ സത്യവാങ്മൂലത്തില്‍ മാധ്യമിക് (എസ് എസ് എല്‍ സിക് തുല്യം) പരീക്ഷ 1989ല്‍ വിജയിച്ചു എന്നാണ് ചേര്‍ത്തിരിക്കുന്നത്.