അനധികൃത സ്വത്ത്: ടി ഒ സൂരജിനെതിരെയുള്ള കുറ്റപത്രം പരസ്യപ്പെടുത്തി

Posted on: July 9, 2015 6:00 am | Last updated: July 9, 2015 at 12:55 am

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ലാന്‍ഡ് റവന്യൂ മുന്‍ കമ്മീഷണര്‍ ടി ഒ സൂരജിനെതിരായ കുറ്റപത്രം സര്‍ക്കാര്‍ പത്രത്തില്‍ പരസ്യപ്പെടുത്തി. ഇതാദ്യമായാണ് ഒരു ഐ എ എസ് ഉദ്യോഗസ്ഥനെതിരായ മെമ്മോ പരസ്യപ്പെടുത്തുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഴിമതിവിരുദ്ധ നിയമമനുസരിച്ചാണ് കുറ്റപത്രം.
മെയ് 11നാണ് സൂരജിനെതിരായ മെമ്മോ തിരുവനന്തപുരത്തെ വിലാസത്തില്‍ അയച്ചത്. എന്നാല്‍, മെമ്മോ സൂരജ് കൈപ്പറ്റാതിരുന്നതിനെ തുടര്‍ന്ന് മടങ്ങിവന്നു. തുടര്‍ന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറിയുടെ ഉപദേശം തേടി. നടപടിക്രമം അനുസരിച്ച് മുന്നോട്ടുപോകാന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പരസ്യം നല്‍കുകയായിരുന്നു.
പരസ്യം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം മറുപടി നല്‍കണം. കുറ്റപത്രവും വിശദാംശങ്ങളും പി ആര്‍ ഡി വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. സൂരജിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു.
2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ സൂരജും ബന്ധുക്കളും അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് ആരോപണം. ഗോഡൗണ്‍, വ്യവസായ സമുച്ചയങ്ങള്‍, എറണാകുളത്ത് അപപ്പാര്‍ട്ട്‌മെന്റ്, ഇടുക്കിയില്‍ മൂന്നിടത്ത് വസ്തു, തൃശൂരില്‍ രണ്ടിടത്ത് വസ്തുവകകള്‍, തിരുവനന്തപുരത്തും കര്‍ണാടകയിലെ മംഗലാപുരത്തും വസ്തുക്കള്‍ എന്നിവ വാങ്ങി യെന്നാണ് മെമ്മോയില്‍ പറയുന്നത്.
ഇത് കൂടാതെ 13 ലക്ഷം രൂപക്ക് ഇന്നോവ കാര്‍, 14 ലക്ഷം രൂപക്ക് ഹോണ്ട സിവിക് കാര്‍, 4.95 ലക്ഷത്തിന്റെ ഹോണ്ട ബ്രിയോ കാര്‍, 8.26 ലക്ഷത്തിന് ഹോണ്ട സിറ്റി, ആറ് ലക്ഷം രൂപയുടെ മാരുതി റിറ്റ്‌സ് എന്നിവയും സൂരജ് സ്വന്തമാക്കിയതായി മെമ്മോയില്‍ പറയുന്നു.
സൂരജ് വാങ്ങിയ വസ്തുവിന്റെ യഥാര്‍ഥ വിലയും രേഖകളില്‍ കാണിച്ചിരിക്കുന്ന വിലയും തമ്മില്‍ അന്തരമുണ്ടെന്നും സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്.