നഗരസഭാ വാഹനം ദുരുപയോഗം ചെയ്യുന്നു; ചെയര്‍പേഴ്‌സനെ പ്രതിക്കൂട്ടിലാക്കി പാര്‍ട്ടിക്ക് പരാതി

Posted on: July 9, 2015 6:00 am | Last updated: July 8, 2015 at 9:51 pm

നീലേശ്വരം: നീലേശ്വരം മുന്‍സിപ്പാലിറ്റിയുടെ ഔദ്യോഗിക വാഹനം വന്‍ തോതില്‍ ദുരുപയോഗം ചെയ്യുന്നതായി ആരോപണം. ഈ സാഹചര്യത്തില്‍ ചെയര്‍പേഴ്‌സണ്‍ അടക്കമുള്ളവരെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ സി പി എം ഏരിയാ നേതൃത്വത്തിനും പാര്‍ട്ടിയുടെ മുനിസിപ്പല്‍ സബ് കമ്മിറ്റിക്കും പരാതി നല്‍കി.
കാസര്‍കോട്ടേക്ക് വരെ സിപിഎമ്മിന്റെ പോഷക സംഘടനകളുടെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ ഈ വാഹനത്തിലാണ് യാത്രയെന്നാണ് വിമര്‍ശനം. പല പാര്‍ട്ടി പരിപാടികളിലും സ്വകാര്യ പരിപാടികളിലും കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ പോകുന്നതും ഇതേ വാഹനത്തിലാണ്. വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ കൊണ്ടുവരാനും കൊണ്ടുപോകാനും മുന്‍സിപ്പല്‍ ജീപ്പ് ദുരുപയോഗം ചെയ്യുന്നതായി ആരോപണമുണ്ട്.
നഗരസഭാഭരണം നിയന്ത്രിക്കുന്ന സി പി എം സബ് കമ്മിറ്റിക്കും ഇതു സംബന്ധിച്ച് പരാതി ലഭിച്ചു.ഇങ്ങനെ സ്വകാര്യ ആവശ്യങ്ങള്‍ക്കും പാര്‍ട്ടി ആവശ്യങ്ങള്‍ക്കുമായി മുന്‍സിപ്പല്‍ വാഹനം ഉപയോഗിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടം നഗരസഭക്കുണ്ടായതായി ഭരണ പക്ഷഅംഗങ്ങള്‍ തന്നെ സമ്മതിക്കുന്നു.ഈ വാഹന ദുരുപയോഗത്തെകുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പാര്‍ട്ടിയെ അനുസരിക്കാത്ത തരത്തിലാണ് ചെയര്‍പേഴ്‌സണിന്റെയും ചില കൗണ്‍സിലര്‍മാരുടെയും പ്രവര്‍ത്തനങ്ങളെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.