മലയാളത്തിന് വേണ്ടി ഒന്ന് വട്ടംചുറ്റിയാലെന്താ..

Posted on: July 8, 2015 8:42 pm | Last updated: July 8, 2015 at 8:42 pm
SHARE

kannaadi
ഒന്നും ഒന്നും കൂട്ടിയാല്‍ ഇമ്മിണി ബല്യ ഒന്ന് എന്ന് പറഞ്ഞ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാ പാത്രം, സാമ്പ്രദായിക ചിന്താരീതിയെ ഉല്ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നു. ഒന്നും ഒന്നും ചേര്‍ന്നാല്‍ രണ്ട് എന്നതിനൊപ്പം ഇമ്മിണി ബല്യത് എന്നതും ഉത്തരമാണ്. കണക്ക് ശാസ്ത്രമെടുത്താലും ഇവ രണ്ടും സ്വീകാര്യം. ചിന്തയെയും കൗതുകത്തെയും നവീകരിക്കുന്നതിനൊപ്പം ഭാഷയുടെ പതിവു രീതികളില്‍ നിന്ന് അല്‍പം മാറി നടക്കാനും ബഷീര്‍ ഇങ്ങനെ പലവട്ടം മലയാളിയെ പ്രേരിപ്പിച്ചു.
എന്നാല്‍, ഇടക്ക് മലയാളിക്ക്, വിശേഷിച്ച് ഗള്‍ഫിലുള്ളവര്‍ക്ക് ആ സിദ്ധി കൈമോശം വന്നു. ദുബൈ ദേരയിലെ അല്‍ ഗുറൈര്‍ മസ്ജിദ് ഇഷ്ടികകൊണ്ട് നിര്‍മിച്ചതാണ്. എന്നാല്‍, മലയാളികള്‍ക്കിടയില്‍ അത് ഇഷ്ടികപ്പള്ളി എന്ന് അറിയപ്പെട്ടു. നൈഫിലെ മറ്റൊരു മസ്ജിദിനെ കണ്ണാടിപ്പള്ളി എന്ന് വിളിച്ചു. സബ്കയെ ഖാദര്‍ഹോട്ടല്‍ പരിസരമാക്കി. ഷാര്‍ജയിലെ റോളയെ ആലിന്റടിയാക്കി.
ഇത്തരത്തില്‍ ഗള്‍ഫ് സ്ഥലനാമങ്ങളെ മലയാളീകരിക്കുന്നതില്‍ പണ്ടത്തെ പ്രവാസി കേരളീയര്‍ക്ക് വിരുതുണ്ടായിരുന്നു. ചിലര്‍ക്ക് ആ സിദ്ധി വിശേഷം ഇപ്പോഴും കൈമോശം വന്നിട്ടില്ല. ഗള്‍ഫില്‍ റൗണ്ട് എബൗട്ടുകള്‍ ധാരാളം. ദുബൈ ദേരയില്‍ ഫിഷ്‌റൗണ്ടെബൗട്ട് പ്രസിദ്ധം. റൗണ്ട് എബൗട്ടിനെ മലയാളീകരിച്ചപ്പോള്‍ ‘വട്ടംചുറ്റി’ ആയി. ഫിഷ് റൗണ്ട് എബൗട്ട്, മീന്‍ വട്ടം ചുറ്റി.
ഇംഗ്ലീഷ് ഭാഷയിലേക്ക് പുതിയ വാക്കുകള്‍ ഓരോ വര്‍ഷവും എത്താറുണ്ട്. സ്മാര്‍ട് ഫോണുകളുടെ കാലമായപ്പോള്‍ ‘സെല്‍ഫി’ എന്ന വാക്ക് ഉടലെടുത്തു. ഇതിന് വേണമെങ്കില്‍ മലയാള പദം ആകാം. സ്വപടം എന്നതാണ് ഗള്‍ഫ് മലയാളി കണ്ടുപിടിച്ചിരിക്കുന്നത്. ഇത് സെല്‍ഫി പോലെ, ഓരോരുത്തരുടെയും സ്വന്തം പ്രതിച്ഛായ പോലെ, സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്.
പക്ഷേ, മലയാള മാധ്യമങ്ങള്‍ ഇപ്പോഴും ഇത്തരം ഭാഷാന്തരീകരണത്തോട് മുഖം തിരിച്ചു നില്‍ക്കുന്നു. റൗണ്ട് എബൗട്ട്, ഇപ്പോഴും മലയാള മാധ്യമങ്ങളില്‍ വട്ടം ചുറ്റുന്നു. ഡ്രൈവിംഗ് ടെസ്റ്റ്, വാഹനമോട്ടോര്‍ പരീക്ഷയായും തീം പാര്‍ക്ക് ആശയോദ്യാനമായും മാറേണ്ടതാണെന്ന് ഭാഷാ സ്‌നേഹികള്‍.
വൈവിധ്യത കൊണ്ട് മലയാളത്തോളം സമ്പന്നമായ ഭാഷ വേറെയില്ല. ഓരോ പ്രദേശത്തിനും ഓരോ വാമൊഴി. അത്യുത്തരമലബാറില്‍ ‘പാങ്ങ്’ എന്നാല്‍ സ്വാദ്. തെക്കോട്ടെത്തുമ്പോള്‍ അത് ‘ശേഷി’യായിമാറും. കേരളത്തിലെ ചുരുക്കം ചിലഭാഗങ്ങളില്‍ മൂട് എന്നാല്‍ മുഖം. ചില സ്ഥലങ്ങളില്‍ മൂട് തട്ടിപ്പോകുക, ഒലക്കേടെ മൂട് എന്നൊക്കെയായാല്‍ വിവരം അറിയും.
ഈ വൈവിധ്യത ഗള്‍ഫിലെ ബാച്ചിലര്‍ മുറികളില്‍ രസകരമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. തെക്കനും വടക്കനും ഏറ്റുമുട്ടിയാല്‍ പരസ്പരം മനസിലാകാത്ത പല വാക്കുകളും പുറത്തുവരും. എന്നാലും പൊതുസ്ഥലത്തെത്തുമ്പോള്‍ മലയാളം ഒന്നേയുള്ളു.
മലയാളത്തിന്റെ വ്യാപനത്തെ അറബ് സമൂഹം അംഗീകരിക്കുന്നുണ്ടെന്ന അഭിമാനകരമായ വസ്തുത കൂടിയുണ്ട്. യു എ ഇയില്‍ എമിറേറ്റ്‌സ് ഐഡി, ദുബൈ ആര്‍ ടി എ തുടങ്ങിയ വകുപ്പുകള്‍ മലയാളത്തിന് മതിയായ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ആര്‍ ടി എയുടെ വാഹനമോട്ടല്‍ അനുമതി ലഭിക്കാനുള്ള എഴുത്തുപരീക്ഷയില്‍ മലയാളത്തെക്കൂടി ഉള്‍പെടുത്തിയിരിക്കുന്നു. സെപ്തംബറില്‍ പ്രാബല്യത്തില്‍ വരും. അറബി, ഇംഗ്ലീഷ് എന്നിവക്ക് തൊട്ടുപിറകെ മിക്ക സ്ഥലങ്ങളിലും മലയാളമുണ്ട്.
മലയാളികളുടെ എണ്ണപ്പെരുപ്പം കൊണ്ടുമാത്രമല്ല, ഇങ്ങനെ സംഭവിച്ചത്. എളിമയും തെളിമയുമുള്ള ആശയവിനിമയ ഉപാധിയാണത്. രൂക്ഷത അതിന്റെ പൊതു സ്വഭാവമല്ല. മനുഷ്യ മനസുകളില്‍ തീകോരിയിടുന്ന ധാരാളം വാക്കുകളുള്ള ചില ഭാഷകള്‍ ഇന്ത്യയിലുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമാണ് മലയാളം.
മലയാളം പഠിക്കാത്ത ഒരു തലമുറയാണ് വരാന്‍ പോകുന്നത് എന്നത് ആശങ്കാജനകം. വിദ്യാലയങ്ങളില്‍ മലയാളം ഉപഭാഷയായി സ്വീകരിക്കുന്ന വിദ്യാര്‍ഥികള്‍ കേരളീയരില്‍ തന്നെ നാമമാത്രം. അവര്‍, ഏത് ഭാഷക്കാരനായി മാറുമെന്ന് കണ്ടറിയണം. ഇംഗ്ലീഷുകാര്‍ അവരുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ സാധ്യതകുറവ്. അത് കൊണ്ട്, സ്വത്വം നിലനിര്‍ത്താനെങ്കിലും മലയാളം പഠിക്കണം. പല ഇംഗ്ലീഷ് വാക്കുകള്‍ക്കും മലയാളം കണ്ടുപിടിക്കണം.