Connect with us

Kerala

പഴയ അധ്യാപക പാക്കേജ് തുടരാന്‍ മന്ത്രിസഭാ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: 2010-11ലെ അധ്യാപക തസ്തിക നിര്‍ണയം തന്നെ 2014-15 വര്‍ഷത്തേക്ക് തുടരാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2010-11ല്‍ നിലവിലുണ്ടായിരുന്ന തസ്തികകളില്‍ 2011-12 ന് ശേഷം രാജി, മരണം, റിട്ടയര്‍മെന്റ്, പ്രൊമോഷന്‍, സ്ഥലംമാറ്റം എന്നീ തസ്തികകളില്‍ നിയമിക്കപ്പെട്ടവര്‍ക്ക് 1:30/1:35 അനുപാതം അനുസരിച്ച് അംഗീകാരം നല്‍കാം. 2011-12 മുതല്‍ 2014-15 വരെ നടത്തിയ നിയമനങ്ങള്‍ക്ക് ഇപ്രകാരം പ്രാബല്യം ഉണ്ടായിരിക്കും. 2015-16 മുതല്‍ കെ ഇ ആര്‍ പ്രകാരം 1:45 അനുപാതം അനുസരിച്ചായിരിക്കും തസ്തികകള്‍ അനുവദിക്കുയെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു.
2015-16 മുതല്‍ മേല്‍ പ്രകാരം തസ്തിക നിര്‍ണയം നടത്തുമ്പോള്‍ രാജി, മരണം, റിട്ടയര്‍മെന്റ്, പ്രൊമോഷന്‍, സ്ഥലമാറ്റം എന്നീ തസ്തികകളില്‍ 2011-12 ന് ശേഷം നിയമിച്ചവര്‍ പുറത്തുപോകുന്ന സാഹചര്യം ഉണ്ടായാല്‍ അവരെ ശമ്പളം നല്‍കി സംരക്ഷിക്കുന്നതാണ്. അധ്യാപക ബേങ്കില്‍ ഉള്‍പ്പെട്ടവര്‍ക്കും സംരക്ഷണം നല്‍കുന്നതാണ്. അവരെ എങ്ങനെ പുനര്‍വിന്യാസിക്കണമെന്നത് സര്‍ക്കാര്‍ തീരുമാനിക്കും. കോര്‍പറേറ്റ് മാനേജ്‌മെന്റുകള്‍ അവരുടെ സ്‌കൂളുകളില്‍ ഉണ്ടാകുന്ന ഒഴിവില്‍ അവരെ നിയമിക്കേണ്ടതാണ്. വ്യക്തിഗത മാനേജ്‌മെന്റുകളും തങ്ങളുടെ സ്‌കൂളുകളില്‍ ഉണ്ടാകുന്ന ഒഴിവില്‍ അവരെ നിയമിക്കാന്‍ ബാധ്യസ്ഥരാണ്. അപ്രകാരം നിയമിക്കപ്പെടുന്നതുവരെ അവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നതായിരിക്കും.
കെ ഇ ആറില്‍ അനുശാസിക്കും പ്രകാരം കുട്ടികള്‍/പീരിയഡ് ഉണ്ടെങ്കില്‍ സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ സ്‌കൂളുകളില്‍ നിയമിക്കുവാന്‍ ബന്ധപ്പെട്ട മാനേജ്‌മെന്റിന് അവകാശമുണ്ടായിരിക്കും. ഒരു സ്‌കൂളില്‍ കെ ഇ ആര്‍ ഇല്‍ അനുശാസിക്കും പ്രകാരം ഉള്ള പീരിയഡ്/ കുട്ടികള്‍ ഇല്ലെങ്കില്‍ കോര്‍പറേറ്റ് മാനേജ്‌മെന്റുകള്‍ക്ക് അവരുടെ കീഴിലുള്ള സ്‌കൂളുകള്‍ ക്ലബ്ബ് ചെയ്ത് അധ്യാപകരെ നിയമിക്കാവുന്നതാണ്. വ്യക്തിഗത മാനേജ്‌മെന്റ് സ്‌കൂളുകള്‍ ക്ലബ് ചെയ്ത് സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ സര്‍ക്കാര്‍ നിയമിക്കുന്നതാണ്.
അധ്യാപകരുടെ 2015-16 മുതല്‍ സര്‍ക്കാര്‍ അനുമതി വാങ്ങി മാത്രമേ മാനേജ്‌മെന്റിന് നിയമനത്തിനവകാശമുണ്ടായിരിക്കുകയുള്ളൂ. അര്‍ഹതയുള്ള തസ്തികകളിലെ നിയമനത്തിന് മാനേജ്‌മെന്റ് അവകാശം ഉന്നയിച്ചാല്‍ 30 ദിവസത്തിനകം ഗവണ്‍മെന്റ് തീരുമാനം അറിയിക്കേണ്ടതാണ്. അങ്ങനെ തീരുമാനം അറിയിക്കുന്നില്ല എങ്കില്‍ മാനേജ്‌മെന്റിന് നിയമനവുമായി മുന്നോട്ടു പോകാവുന്നതും സര്‍ക്കാര്‍ പരിശോധിച്ച് അംഗീകാരം നല്‍കുമ്പോള്‍ നിയമന തീയതി മുതല്‍ അധ്യാപകര്‍ക്ക് എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹത ഉണ്ടായിരിക്കുന്നതുമായിരിക്കും.
ഇങ്ങനെ നിയമിക്കപ്പെട്ട അധ്യാപര്‍ക്ക് അംഗീകാരം നല്‍കുമ്പോള്‍ 2014-15 വരെയുള്ള ശമ്പള കുടിശ്ശിക പി എഫില്‍ ലയിപ്പിക്കുന്നതും 2019-20 ന് ശേഷം മാത്രം പിന്‍വലിക്കാന്‍ അവകാശമുണ്ടായിരിക്കുന്നതുമായിരിക്കും. 2011-12 ന് ശേഷം അഡീഷനല്‍ തസ്തികകളില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് കെ ഇ ആര്‍ വ്യവസ്ഥ പ്രകാരം 1: 45 അനുപാതത്തില്‍ തസ്തികക്ക് അര്‍ഹതയുണ്ടെങ്കില്‍ മാത്രമേ അംഗീകാരം നല്‍കുകയുള്ളൂ. പിന്നീടുള്ള വര്‍ഷങ്ങളില്‍ തസ്തിക നഷ്ടം കാരണം പുറത്താവുന്ന സാഹചര്യം ഉണ്ടായാല്‍ അവര്‍ക്ക് ചട്ടം 51 എ അവകാശത്തിന് മാത്രമേ അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.
മെയിന്റനന്‍സ് ഗ്രാന്റിനുള്ള ആദ്യ ഒരു വര്‍ഷത്തെ കുടിശ്ശിക യു ഐ ഡിയുടെ അടിസ്ഥാനത്തില്‍ 2015 ഡിസംബറിനകം അനുവദിച്ച് നല്‍കുന്നതാണ്. മൂന്ന് മാസം വരെയുള്ള അവധി ഒഴിവുകളിലെ നിയമനത്തിന് ബന്ധപ്പെട്ട മാനേജ്‌മെന്റുകള്‍ തന്നെ ക്രമീകരണം ഏര്‍പ്പെടുത്തേണ്ടതാണ്. അണ്‍ഇക്കണോമിക് സ്‌കൂളുകളെ സംബന്ധിച്ച് നിലവിലുള്ള 06.11.2012ലെ സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ തുടരുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Latest