വിഴിഞ്ഞം: വിശദീകരണവുമായി ഹൈക്കമാന്‍ഡ്

Posted on: July 8, 2015 12:57 pm | Last updated: July 9, 2015 at 12:00 pm

vm sudeeranന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കുന്നതില്‍ എ ഐ സി സി നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനങ്ങളുടെയും ആഭ്യന്തരകാര്യങ്ങളിലോ പദ്ധതികളിലോ ഹൈക്കമാന്‍ഡ് ഇടപെടാറില്ലെന്ന് എ ഐ സി സി വക്താവ് ആര്‍ പി എന്‍ സിംഗ് പറഞ്ഞു.

ഏത് പദ്ധതി വേണം, വേണ്ട എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. അതിനുള്ള കഴിവ് പാര്‍ട്ടി മുഖ്യമന്ത്രിമാര്‍ക്കുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തില്‍ ഒരുഘട്ടത്തിലും പാര്‍ട്ടി നേതൃത്വം ഇടപെട്ടിട്ടില്ല. എന്നാല്‍ ടെന്‍ഡര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടന്ന് ചൂണ്ടിക്കാട്ടിയാല്‍ പരിശോധിക്കും. വിഴിഞ്ഞം പദ്ധതി നടപടിക്രമങ്ങള്‍ പാലിച്ചാണ് കേരളാ സര്‍ക്കാര്‍ തീരുമാനമെടുത്തത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖക്കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കുന്നത് വൈകുന്നതിനു പിന്നില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ എതിര്‍പ്പുണ്ടെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇമെയില്‍ അയച്ചുവെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് വക്താവ് രംഗത്ത് വന്നത്. അദാനിയും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ബന്ധം ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് ഭരിക്കുന്ന കേരളത്തില്‍ പദ്ധതി വരുന്നത് മുടക്കാനും തമിഴ്‌നാട്ടിലെ കുളച്ചലിലേക്ക് കൊണ്ടുപോകാനും ഈ അവസരം ഉപയോഗിച്ച് ഒരു വിഭാഗം ശ്രമിക്കുന്നതായി ആരോപണമുണ്ടായിരുന്നു.
7525 കോടി രൂപ ചെലവിലുള്ള തുറമുഖത്തിന്റെ നിര്‍മാണവും നടത്തിപ്പും അദാനി ഗ്രൂപ്പിന് നല്‍കാന്‍ ജൂണ്‍ പത്തിനാണ് മന്ത്രിസഭ തീരുമാനിച്ചത്. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ സര്‍ക്കാറിന്റെ വലിയ നേട്ടമായി ഇത് പ്രചരിപ്പിച്ചിരുന്നു.
തുടര്‍നടപടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിട്ടും ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം കഴിഞ്ഞിട്ടും അതിനുള്ള ഉത്തരവ് ഇതുവരെ ഇറങ്ങിയില്ല.
സാങ്കേതിക നടപടിക്രമങ്ങള്‍ കാരണമാണ് വൈകുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാല്‍ ഇത് യുക്തിസഹമല്ല. കാരണം, ഉത്തരവ് തയ്യാറാക്കിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒപ്പിട്ടിട്ടില്ല. ഉത്തരവായിക്കഴിഞ്ഞാല്‍ അദാനി ഗ്രൂപ്പ് അധികൃതര്‍ നേരിട്ടെത്തി സമ്മതപത്രം വാങ്ങാനും തയ്യാറായിരുന്നു.

 

കുറ്റമറ്റരീതിയില്‍ നടപ്പാക്കുമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളൊന്നുമില്ലെന്നും കുറ്റമറ്റ രീതിയില്‍ പദ്ധതി നടപ്പാക്കുമെന്നുമാവത്തിച്ച് മുഖ്യമന്ത്രി.
ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങള്‍ക്ക് നാഥനില്ലെന്നും മന്ത്രിസഭായോഗ തീരുമാനം വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട സമ്മതപത്രം സമയത്ത് തന്നെ ഇറങ്ങും. പദ്ധതിയുമായി ബന്ധപ്പെട്ട് ആറായിരം കോടിയുടെ അഴിമതി ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ളത്. അതിനാല്‍ അതെല്ലാം പരിശോധിച്ച് തന്നെ സമ്മതപത്രം പുറത്തിറക്കും. വിഴിഞ്ഞം പദ്ധതി നടപ്പാക്കുക തന്നെ ചെയ്യും. അദാനി ഗ്രൂപ്പ് മാത്രമാണ് പദ്ധതി ക്കായി ടെന്‍ഡര്‍ നല്‍കിയിട്ടുള്ളൂ.
അതു കൊണ്ടു തന്നെ അദാനിയെ തന്നെയാകുമോ പദ്ധതി ഏല്‍പ്പിക്കുക എന്ന ചോദ്യത്തിന് പ്രസക്തില്ല. മാധ്യമങ്ങളാണ് ഇപ്പോഴുള്ള വിവാദങ്ങളുണ്ടാക്കിയത്. കുറ്റമറ്റ രീതിയില്‍ തന്നെ പദ്ധതിയുടെ നടപടികളുമായി മുന്നോട്ടുപോകും.
വിഴിഞ്ഞം പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ശനിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷയെ കാണുമെന്ന കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ ഡല്‍ഹിയില്‍ പോകുമ്പോഴെല്ലാം സമയം അനുവദിച്ചാല്‍ കോണ്‍ഗ്രസ് പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും കാണാറുണ്ടെന്നായിരുന്നു മറുപടി.
തനിക്ക് ബുധനാഴ്ച ഡല്‍ഹിയില്‍ പോകേണ്ട ആവശ്യമുണ്ട്. പ്രധാനമന്ത്രി വിളിച്ചിട്ടുള്ള ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച നീതി ആയോഗ് രണ്ടാം മീറ്റിംഗില്‍ പങ്കെടുക്കാനാണ് ക്ഷണമുള്ളതെന്നും അദ്ദേഹം പറഞ്ഞു.