സംസ്ഥാനത്തിന് കേന്ദ്ര മുന്നറിയിപ്പ് ;തെരുവ് നായ്ക്കളെ കൊന്നാല്‍ ജയില്‍ ശിക്ഷ

Posted on: July 8, 2015 1:05 am | Last updated: July 8, 2015 at 1:05 am

dogതിരുവനന്തപുരം: സംസ്ഥാനത്തെ തെരുവ് നായ്ക്കളുടെ ശല്യത്തില്‍ നിന്ന് ജനങ്ങള്‍ക്ക് ഇനിയും രക്ഷയില്ല. തെരുവ് നായ്ക്കളെ കൊന്നൊടുക്കിയാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് സംസ്ഥാനത്തിന് കേന്ദ്ര ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ മുന്നറിയിപ്പ്. തെരുവ് നായ്ക്കളെ കൊല്ലുന്നതില്‍ തെറ്റില്ലെന്ന മുംബൈ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണെന്ന് കാട്ടിയാണ് ബോര്‍ഡ് നിലപാട് അറിയിച്ചിരിക്കുന്നത്.
തെരുവ് നായ്ക്കളെ കൊല്ലുന്നതിന് നിയമ തടസ്സമില്ലെന്ന സംസ്ഥാന നിയമവ കുപ്പിന്റെ വാദവും കേന്ദ്ര ഏജന്‍സി തള്ളി. തെരുവുനായ്ക്കളെ കൊല്ലരുതെന്ന് നിര്‍ദേശിച്ചു കൊണ്ട് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി കഴിഞ്ഞ ദിവസം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ മുന്നറിയിപ്പ്.
തെരുവ് നായകളെ കൊല്ലുന്നത് കേന്ദ്ര മൃഗ ക്ഷേമ വകുപ്പ് നേരത്തെ നിരോധിച്ചിരുന്നു. മൃഗസംരക്ഷണ നിയമമനുസരിച്ച് ഇത് ശിക്ഷാര്‍ഹമായിരുന്നു. എന്നാല്‍ തെരുവുനായ ശല്യം വര്‍ധിച്ചതോടെയാണ് പൊതുജീവിതത്തിന് ശല്യമുണ്ടാക്കുന്ന തെരുവു നായകളെ കൊല്ലുന്നതിന്റെ നിയമവശം പുന:പരിശോധിക്കാന്‍ സുപ്രീംകോടതി പ്രത്യേക ബഞ്ചിനെ ചുമതലപ്പെടുത്തിയത്.
നിയമസഭാ പെറ്റീഷന്‍സ് ചെയര്‍മാന്‍ കൂടിയായ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലാണ് ശല്യക്കാരായ നായ്ക്കളെ കൊല്ലുന്നതിന് നിയമതടസ്സമില്ലെന്ന് നിയമ വകുപ്പ് സെക്രട്ടറി വിശദീകരിച്ചത്. ഇതനുസരിച്ച് നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശവുമുണ്ടായി. എന്നാല്‍ സംസ്ഥാനത്തിന്റെ തീരുമാനം മാധ്യമങ്ങളിലൂടെ അറിഞ്ഞ കേന്ദ്ര ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡാണ് നായ്ക്കളെ കൊല്ലുന്നതിനെതിരെ മുന്നറിയിപ്പുമായി രംഗത്തു വന്നത്. ശല്യക്കാരായ നായ്ക്കളെ കൊല്ലാനനുമതി നല്‍കിയ മുംബൈ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുകയാണെന്ന് ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ കേന്ദ്ര ഏജന്‍സി ചൂണ്ടിക്കാട്ടുന്നു.
അതിനാല്‍ തന്നെ തെരുവ് നായ്ക്കളെ കൊന്നൊടുക്കിയാല്‍ കോടതിയലക്ഷ്യ നടപടിയായി കാണേണ്ടിവരും. ഈ കേസ് അന്തിമ വാദത്തിനായി ആഗസ്റ്റ് മൂന്നാം വാരം സുപ്രീംകോടതി പരിഗണിക്കുന്നുണ്ടെന്നും കേന്ദ്ര ഏജന്‍സി അറിയിച്ചിട്ടുണ്ട്. അതേ സമയം നിയമവകുപ്പ് സെക്രട്ടറിയുടെ വിശദീകരണം കേട്ട് തെരുവ്‌നായ്ക്കളെ കൊന്നൊടുക്കിയാല്‍ ജയിലില്‍ പോകേണ്ടി വരുമെന്ന സൂചനയാണ് കേന്ദ്ര ഏജന്‍സി നല്‍കുന്നത്. ജയിലില്‍ പോകണോ അതോ നായ്ക്കളുടെ കടിയേല്‍ക്കണോ എന്നതാകും വരും നാളുകളില്‍ തദ്ദേശഭരണ സെക്രട്ടറിമാര്‍ക്ക് മുന്നിലെ ചോദ്യം.
കേരളത്തില്‍ ശരാശരി 30,000 പേര്‍ പ്രതിവര്‍ഷം നായ്ക്കളുടെ കടിയേറ്റ് ചികിത്സാ തേടുന്നുവെന്നാണ് കണക്ക്. ഇവരില്‍ നല്ലൊരു പങ്കിനും പേവിഷത്തിനുള്ള കുത്തിവെപ്പ് എടുക്കേണ്ടി വരുന്നുണ്ട്. കോടിക്കണക്കിന് രൂപയാണ് ഈയിനത്തില്‍ ചെലവ് വരുന്നത്.